തിരുവനന്തപുരം: കേരളത്തിൽ അടുത്ത മൂന്ന് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. മൺസൂൺ പാത്തി (Monsoon Trough) യുടെ പടിഞ്ഞാറെ അറ്റം അതിന്റെ സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ടും, കിഴക്കെ അറ്റം വടക്കോട്ടും മാറി സ്ഥിതിചെയ്യുകയാണ്. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി (Off -Shore trough) നിലനിൽക്കുന്നു.തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതോടെ കേരളത്തിൽ അടുത്ത മൂന്ന് ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും (Heavy Rainfall) സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
സംസ്ഥാനത്ത് ഇന്നടക്കം അടുത്ത നാല് ദിവസം മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതുപ്രകാരം ഈ മാസം 14 ാം തിയതിവരെ വിവിധ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് അഞ്ച് ജില്ലകളിലാണ് ജാഗ്രത നിർദ്ദേശം. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ് നൽകിയിട്ടുള്ളത്. നാളെ ആറ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.