ആലപ്പുഴ: അരിക്കും പച്ചക്കറിക്കും വില കുറയുന്നില്ല. ക്രിസ്മസിന് ആഴ്ചകൾക്ക് മുേമ്പ തുടങ്ങിയ വിലക്കയറ്റം മൂർധന്യത്തിലും കത്തിനിൽക്കുന്നു. തമിഴ്നാട്ടിലും കർണാടകയിലും നിന്നെത്തുന്ന പച്ചക്കറിയുടെ വില ഉയർന്നു തന്നെയാണ്. മഴയും സീസൺ കഴിഞ്ഞതും ഉൽപാദനം കുറയാനിടയാക്കിയതാണ് വിലക്കയറ്റത്തിലെത്തിച്ചതെന്ന് വ്യാപാരികൾ. കുത്തരിയുടെ വിലയും കുതിച്ചുയർന്നു. രണ്ടാഴ്ചക്കിടെ 15 രൂപയുടെ വർധന. മുരിങ്ങക്കായുടെ വിലയാണ് കുതിക്കുന്നത്.
കിലോക്ക് 250 ഉം അതിലേറെയുമാണ് വില. പച്ചമുളകിന്‍റെ വിലയും ഉയർന്നുതന്നെ. നീളൻ മുളകിന് 100 രൂപയും എരിവു കൂടുതലുള്ള ഉണ്ട മുളകിനു 110 രൂപയും.
കറിവേപ്പിലക്ക് പോലും വില കൂടി. മൊത്തക്കച്ചവടക്കാർ ഈടാക്കുന്നത് 80 രൂപ. കർണാടകയിൽ നിന്നുള്ള അരി ‘ വടിമട്ട ‘ക്ക് രണ്ടാഴ്ചക്കുള്ളിൽ 15 രൂപയുടെ വർധനയുണ്ടായി. 33 രൂപയിൽനിന്ന് 48 രൂപയായി. ജയ, പൊന്നി, കുറുവ തുടങ്ങിയ വെള്ള അരി ഇനങ്ങൾക്കു രണ്ട് രൂപ വീതം കൂടി 35ൽ എത്തി. ആലപ്പുഴയിലെ വില : വലിയ തക്കാളി-70,പച്ചമുളക് (നീളൻ) 100, പച്ചമുളക് (ഉണ്ട)-110,കറിവേപ്പില- 80,വലിയ പയർ 80,ചെറിയ പയർ- 55,ബീറ്റ്റൂട്ട്- 90,കാരറ്റ് -90,വെള്ളരി – 50 രൂപ,തക്കാളി (നാടൻ)-60, വടിമട്ട (കുത്തരി)- 48, ജയ, പൊന്നി (വെള്ള അരി)-35.