തിരുവനന്തപുരം: കേരളത്തിലെ കാർഷിക മേഖലയുടെ അടയാളമായ മറയൂർ ശർക്കര കടൽ കടക്കുന്നു. ഇടുക്കിയിലെ മറയൂരില്‍ നിന്ന് ദുബൈയിലേക്കുള്ള ജിഐ ടാഗ് ചെയ്ത മറയൂര്‍ ശര്‍ക്കരയുടെ ആദ്യ കയറ്റുമതിക്ക് തുടക്കമായി. ജിഐ ടാഗ് ഉല്‍പ്പന്നമായി മറയൂര്‍ ശര്‍ക്കര ദുബൈയിലേക് കയറ്റുമതി ചെയുന്നത് ഫെയര്‍ എക്‌സ്‌പോര്‍ട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ്. അപെഡയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനലിന്റെ പ്രമുഖ സ്ഥാപനമാണ് ഫെയര്‍ എക്‌സ്‌പോര്‍ട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്.
കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള കാര്‍ഷിക-സംസ്‌കരിച്ച ഭക്ഷണ കയറ്റുമതി വികസന അതോറിറ്റി (എപിഇഡിഎ) യുടെ ആഭിമുഖ്യത്തിലാണ് കയറ്റുമതിക്കുള്ള നടപടികൾ പൂർത്തിയാക്കിയത്. അപേഡ ചെയര്‍മാന്‍ ഡോ എം അംഗമുത്തുവാണ് കയറ്റുമതി ചെയ്യപ്പെടുന്ന ആദ്യ ലോഡ് ഫ്‌ളാഗ് ഓഫ് ചെയ്തത്. രാസവളമോ വസ്തുക്കളോ ഉപയോഗിക്കാതെ തയ്യാറാക്കിയ മറയൂര്‍ ശര്‍ക്കര ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും കയറ്റുമതി ചെയ്യാൻ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന കാര്‍ഷിക വകുപ്പ് ഡയറക്ടര്‍ ടിവി സുഭാഷ്, ഫെയര്‍ എക്‌സ്‌പോര്‍ട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രതിനിധികള്‍, അപെഡയിലെ മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് കേരളത്തില്‍ നിന്നുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിശദമായ കര്‍മപദ്ധതി ഉടന്‍ വികസിപ്പിക്കുമെന്ന് സംസ്ഥാന കാര്‍ഷിക ഡയറക്ടര്‍ ടി വി സുഭാഷ് ഐ എ എസ് വ്യക്തമാക്കി. ദേശീയ അന്തര്‍ദ്ദേശീയ വിപണികളില്‍ ഭൂമിശാസ്ത്രപരമായ സൂചന ടാഗ് / ജിഐ ടാഗ് ഉത്പന്നങ്ങളുടെ ആവശ്യകത വര്‍ധിപ്പിക്കുന്നതിലൂടെ ഉത്പന്നങ്ങള്‍ ഉല്പാദിപ്പിക്കുന്നവരുടെ സാമ്പത്തിക അഭിവൃദ്ധിക്കും കാരണമാകും. ഇന്ത്യയില്‍ നിന്ന് ജി ഐ ടാഗ് ചെയ്ത ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അപെഡയുടെ സംരംഭം 2021-22 ഓടെ 400 ബില്യണ്‍ യുഎസ് ഡോളറിന്റെ കയറ്റുമതിയാണ് ലക്ഷ്യമിടുന്നത്.