കോട്ടയം∙ മലയാളക്കരയുടെ മനോഹാരിത വാക്കുകളിൽ ചാലിച്ച് ആസ്വാദകഹൃദയങ്ങളിൽ ഇടംനേടിയ ഗാനരചയിതാവ് ബീയാർ പ്രസാദ് (62) അന്തരിച്ചു. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയായ ബീയാർ പ്രസാദിന്റെ അന്ത്യം ചങ്ങനാശേരിയിലായിരുന്നു. സംസ്കാരം നാളെ. മസ്തിഷ്കാഘാതത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം ദീർഘനാളായി തിരുവനന്തപുരത്തും കോട്ടയത്തുമായി ചികിത്സയിലായിരുന്നു. അറുപതോളം സിനിമകൾക്ക് ഗാനരചന നിർവഹിച്ചു.
1993-ൽ കുട്ടികൾക്കായുള്ള ചിത്രത്തിന്റെ തിരക്കഥയെഴുതിയാണ് കവിയും നാടകസംവിധാനകനുമായിരുന്ന പ്രസാദ് സിനിമാലോകത്തെത്തുന്നത്. 2003-ൽ കിളിച്ചുണ്ടൻ മാമ്പഴമെന്ന മോഹൻലാൽ ചിത്രത്തിലൂടെ ഗാനരചയിതാവെന്ന നിലയിൽ പ്രസിദ്ധനായി. ‘ഒന്നാംകിളി പൊന്നാൺകിളി…’, ‘കേരനിരകളാടും ഒരുഹരിത ചാരുതീരം’, ‘മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി..’ തുടങ്ങി ഒട്ടേറെ ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.