പട്ടാമ്പി > നാടിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ നയങ്ങളാണ് ബിജെപിയും കോൺഗ്രസും സ്വീകരിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. സിപിഐ എം ആമയൂർ ലോക്കൽ കമ്മിറ്റി എറയൂരിൽ നിർമിച്ച പ്രശാന്ത് സ്‌മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നൂ അദ്ദേഹം. അദാനിമാർക്കും അംബാനിമാർക്കും വേണ്ടിയുള്ള നയമാണ് കേന്ദ്രം നടപ്പാക്കുന്നത്. അതിന് കോൺഗ്രസ് കൂട്ടുനിൽക്കുന്നു. ഇടതുപക്ഷത്തെ ദുർബലപ്പെടുത്താൻ ഇരുവരും ഒരുമിച്ചുനിൽക്കുന്നു. സംസ്ഥാനത്തിന്റെ അവകാശങ്ങൾക്കുമേൽ കൈയേറ്റം നടത്തി ഇല്ലായ്‌മ ചെയ്യാൻ ശ്രമിക്കുകയാണ്. വർഗീയതയ്‌ക്കെതിരായ നിലപാട് കോൺഗ്രസ് ഉപേക്ഷിച്ചുകഴിഞ്ഞു. പാർലമെന്റിന്റെ സുരക്ഷപോലും കാത്തുസൂക്ഷിക്കാൻ മോദി സർക്കാറിന് സാധിക്കുന്നില്ല. സ്വേഛാധിപത്യ ഭീകരതയാണിവിടെ നടക്കുന്നത്. ഇതിനെ ശക്തമായി നേരിടാൻ കോൺഗ്രസിന് സാധിക്കുന്നില്ല – എം എ ബേബി പറഞ്ഞു.
ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം എൻ പി വിനയകുമാർ പതാക ഉയർത്തി. ടി കെ നാരായണദാസ് ഫോട്ടോ അനാഛാദനവും സുബൈദ ഇസഹാഖ് സുവനീർ പ്രകാശനവും നിർവഹിച്ചു. സ്മാരക മന്ദിരത്തിന്റെ രേഖ നിർമാണ കമ്മിറ്റി ചെയർമാൻ എം ടി പ്രസന്നകുമാറിൽനിന്ന് എരിയ സെക്രട്ടറി ടി ഗോപാലകൃഷ്ണൻ ഏറ്റുവാങ്ങി. മുതിർന്ന നേതാക്കളെ ആദരിച്ചു.
സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ യു അജയകുമാർ, എ സോമൻ, ആമയൂർ ലോക്കൽ സെക്രട്ടറി എം രാജൻ, കൊപ്പം ലോക്കൽ സെക്രട്ടറി കെ മോഹൻദാസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ എ സാബിറ, എ എൻ നീരജ്, പഞ്ചായത്തംഗം കെ വേലായുധൻ, പ്രശാന്തിന്റെ സഹോദരി ഡോ. പ്രജിഷ, കെട്ടിട നിർമാണ കമ്മിറ്റി സെക്രട്ടറി ടി കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.