തിരുവനന്തപുരം > തദ്ദേശവകുപ്പിന്റെ വിവിധ സേവനങ്ങൾ സുതാര്യമായും അതിവേഗത്തിലുമാക്കുന്ന ഉറപ്പാക്കുന്ന സംവിധാനമാണ് കെ – സ്‌മാർട്ടെന്ന് തദ്ദേശ മന്ത്രി എംബി രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.കെ – സ്‌മാർട്ട് ആപ്പിലൂടെ അപേക്ഷകളും പരാതികളും ഓൺലൈനായി സമർപ്പിക്കാനും അവയുടെ നിലവിലെ സ്ഥിതി അറിയാനുമാകും. അതിനായി അപേക്ഷകളുടെയും പരാതികളുടെയും രസീത് അപേക്ഷകന്റെ വാട്സ്ആപ്പിലും ഇ-മെയിലിലും ലഭ്യമാക്കും. വിവിധ സർട്ടിഫിക്കറ്റുകളും വാട്സ്ആപ്പ് വഴിയും ഇമെയിൽ വഴിയും അയക്കും. കെ സ്മാർട്ടിലൂടെ ജിഐഎസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്ലോട്ടുകളുടെയും കെട്ടിടങ്ങളിലെയും വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കും. ഇതിലൂടെ ഏറ്റവും വേഗത്തിൽ കെട്ടിട നിർമാണ പെർമിറ്റുകൾ ലഭ്യമാകും. നോ യുവർ ലാൻഡ് എന്ന മെനുവിലൂടെ സ്വന്തം ഭൂമിയിൽ ഏതെല്ലാം തരത്തിലുള്ള കെട്ടിടങ്ങളാണ് നിർമിക്കാൻ കഴിയുക എന്ന വിവരം അറിയാനാകും.
കെട്ടിടം നിർമാണത്തിനായി സമർപ്പിക്കുന്ന പ്ലാനുകൾ ചട്ട പ്രകാരമാണ് തയ്യാറാക്കിയത് എന്ന് സോഫ്ട്‍വെയർ തന്നെ പരിശോധിച്ച് ഉറപ്പാക്കും. തീരപരിപാലന നിയമ പരിധി, റെയിൽവേ,വിമാനത്താവളമേഖല , പരിസ്ഥിതി ലോല പ്രദേശം, അംഗീകൃത മാസ്റ്റർ പ്ലാനുകൾ തുടങ്ങിയവയിൽ ഭൂമി ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാനും സംവിധാനമുണ്ട്. നിശ്ചിത ഭൂമിയിൽ പോയി ആപ്പ് മുഖേന സ്കാൻ ചെയ്‌താൽ ഈ വിവരങ്ങൾ ലഭിക്കും. പൊതുജനങ്ങളെയും ജീവനക്കാരെയും സഹായിക്കാൻ പ്രത്യേക ഹെല്പ് ഡസ്ക് സംവിധാനവും ഏർപ്പെടുത്തും.ആദ്യഘട്ടത്തിൽ ഓരോ തദ്ദേശ സ്ഥാപനങ്ങളിലും 10 ജീവനക്കാരെ വീതം സഹായത്തിനായി നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.