പൂച്ചാക്കൽ: സിനിമാറ്റിക് ഡാൻസ് അനുവദിച്ചില്ലെന്ന് ആരോപിച്ചുള്ള വിദ്യാർഥികളുടെ പ്രതിഷേധത്തെ തുടർന്ന് കോളജ് താൽക്കാലികമായി അടച്ചു പൂട്ടി. പള്ളിപുറം എൻ.എസ്.എസ് കോളജാണ് അടച്ചു പൂട്ടിയത്. സർവകലാശാലാ പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്ന് കോളജ് അധികൃതർ അറിയിച്ചു.കോളജിൽ കഴിഞ്ഞ ദിവസം യൂണിയന്റെ നേതൃത്വത്തിൽ സങ്കടിപ്പിച്ച പരിപാടിയിലാണ് സിനിമാറ്റിക് ഡാൻസ് ഒരുക്കിയത്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ചയിച്ചിരുന്ന പരിപാടിയിൽ ഡാൻസ് ഇല്ലാത്തതിനാൽ അനുവദിക്കാനാകില്ലെന്നായിരുന്നു കോളജ് അധികൃതരുടെ നിലപാട്. ഇതിൽ വിദ്യാർഥികൾ പ്രതിഷേധമുയർത്തി.കോളജിന്റെ ഗേറ്റ് പൂട്ടി പ്രിൻസിപ്പൽ ഉൾപ്പെടെ ആരെയും പുറത്തുവിടാതെ കോളജ് അങ്കണത്തിൽ സിനിമാറ്റിക് ഡാൻസ് കളിച്ചാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. വസ്ത്രധാരണത്തിലടക്കം അനാവശ്യമായ നിയന്ത്രണങ്ങൾ വിദ്യാർഥികളിൽ അടിച്ചേൽപിക്കുന്നതിന് എതിരെയുള്ള പ്രതിഷേധമാണ് നടന്നതെന്ന് കോളജ് യൂണിയൻ ഭാരവാഹികൾ പറയുന്നു.