അസര്‍ബൈജാന്‍ മേഖലയില്‍ നിന്ന് ഇസ്രയേലിന് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന 10 ഏജന്‍റുമാരെ അറസ്റ്റ് ചെയ്തതായി ഇറാന്‍റെ അവകാശവാദം. ഇസ്രയേലിന്‍റെ ചാര ഏജന്‍സിയായ മൊസാദിലെ അന്വേഷണ ഉദ്യോഗസ്ഥരുമായി നേരിട്ട് ആശയ വിനിമയം നടത്തുന്നതിനിടയിലാണ് ഇവരെ പിടികൂടിയതെന്നാണ് ഇറാന്‍ വാദിക്കുന്നത്. ഏറെക്കാലമായി ബദ്ധ വൈരികളായ രാജ്യങ്ങളാണ് ഇറാനും ഇസ്രയേലും. ഇസ്രയേലിന് എതിരായ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് ഇറാനാണ് എന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്.
ഇറാനിലെ ഉദ്യോഗസ്ഥരെ കൊല ചെയ്തതിന് പിന്നില്‍ ഇസ്രയേലെന്നാണ് ഇറാന്‍ ആരോപിക്കുന്നത്. ഇറാന്‍റെ ആരോപണങ്ങള്‍ ഇസ്രയേല്‍ ശരി വയ്ക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഇസ്രയേല്‍ ഏജന്‍റുമാരുടെ വാഹനങ്ങളും വാഹനങ്ങളും കത്തിച്ചതായും ആശയ വിനിമയത്തിനായി ഇവര്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ ഇറാന്‍ നശിപ്പിച്ചതായുമാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഞായറാഴ്ചയാണ്ഏജന്‍റുമാരെ പിടികൂടിയതെന്നാണ് ഇറാന്‍ വിശദമാക്കുന്നത്. പിടികൂടിയവരുടെ പേര് വിവരങ്ങള്‍ ഇറാന്‍ പൊലീസ് ഇനിയും പുറത്ത് വിട്ടിട്ടില്ല.
ഒക്ടോബര്‍ മാസത്തില്‍ ഇറാനിലെ മാധ്യമ പ്രവര്‍ത്തകയായ നിലോഫര്‍ ഹമേദിയെ ചാരപ്രവര്‍ത്തനം ആരോപിച്ച് ഇറാന്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മഹ്സ അമീനിയുടെ മരണത്തിന് പിന്നാലെയുണ്ടായ പ്രതിഷേധത്തിനിടയിലായിരുന്നു അത്. 22 കാരിയായ മഹ്സ അമീനിയുടെ മരണത്തേക്കുറിച്ച് ആദ്യമായി വാര്‍ത്താ പുറത്ത് കൊണ്ടുവന്നത് നിലോഫറായിരുന്നു. ശിരോവസ്ത്രം ശരിയായ രീതിയില്‍ ധരിക്കാത്തതിനെ തുടര്‍ന്ന് സദാചാര പൊലീസ് കസ്റ്റഡിയിലെടുത്ത 22 കാരി മരിച്ചതിന് ഇറാനില്‍ നടന്ന പ്രതിഷേധങ്ങളില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. രാജ്യത്തെ പ്രതിഷേധങ്ങള്‍ക്ക് അമേരിക്കയെയും ഇസ്രയേലിനുമാണ് ഇറാന്‍റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി പഴിച്ചിരുന്നു. ഇതിന് പിന്നാലെ ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയും സമാന പ്രതികരണം നടത്തിയിരുന്നു.