കോഴിക്കോട് : കൊവിഡ് വ്യാപനത്തിന്‍റെ ആദ്യഘട്ടത്തില്‍ പ്രതിരോധ ഉപകരണങ്ങളും അനുബന്ധ സാമഗ്രഹികളും മരുന്നും വാങ്ങുന്നതില്‍ നടന്ന ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കൊടുവള്ളി എംഎല്‍എ എം കെ മുനീര്‍. കെഎംഎസ്സിഎല്‍ മുഖേന പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട് അന്വേഷിക്കണമെന്നാണ് കൊടുവള്ളി എംഎല്‍എ ആവശ്യപ്പെടുന്നത്. ഒരുദിവസം തന്നെ മൂന്നിരട്ടി വരെ വ്യത്യസ്ത നിരക്കില്‍ പിപിഇ കിറ്റുകള്‍ വാങ്ങിയതായും എന്‍ 95 മാസ്ക് വാങ്ങിയതിലും ക്രമക്കേട് നടന്നെന്നും എംഎല്‍എ ആരോപിക്കുന്നു.
ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിച്ചാല്‍ ക്രമക്കേട് വ്യക്തമാണെന്നും എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയനും വിജിലന്‍സ് ഡയറക്ടര്‍ക്കുമെഴുതിയ കത്തില്‍ വ്യക്തമാക്കുന്നുണ്ട്. കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷനില്‍ നിലവിലുള്ള വിതരണക്കാര്‍ ഉപകരണങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കാന്‍ സാധിക്കില്ലെന്ന് ഒരു അറിയിപ്പും നല്‍കാത്ത സാഹചര്യത്തിലാണ് തട്ടിക്കൂട്ട് കമ്പനികളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയതെന്നും എംഎല്‍എ ആരോപിക്കുന്നു. ഇത് തികച്ചും ദുരൂഹമാണ്. മാത്രമല്ല ചില കമ്പനികളുടെ പേരുകള്‍ പണം അനുവദിച്ച കമ്പനികളുടെ പട്ടികയില്‍ കാണാനില്ലെന്നും എംഎല്‍എ ആരോപിക്കുന്നു.
ഫ്രിഡ്ജ്, എസി അടക്കമുള്ള വാങ്ങിയിരിക്കുന്നത് പൊതുവിപണിയേക്കാള്‍ കൂടുതല്‍ തുകയ്ക്കാണ്. ഇത് സംബന്ധിച്ച് വകുപ്പ് തലത്തില്‍ അന്വേഷണം നടത്തി രണ്ട് ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തിയതും എംഎല്‍എ കത്തില്‍ പരാമര്‍ശിക്കുന്നു. നികുതിപ്പണം ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഖജനാവിന് ഉണ്ടാക്കിയിട്ടുള്ളത്. അതിനാല്‍ 2020 ജനുവരി മുതല്‍ നടന്ന കൊവിഡ് കാല പര്‍ച്ചേസുകളില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നാണ് എം കെ മുനീര്‍ ആവശ്യപ്പെടുന്നത്.