റിയാദ്: സൗദി അറേബ്യയില്‍ നിരവധി പ്രവാസികളെ കെണിയില്‍ വീഴ്‍ത്തി പുതിയ വായ്‍പാ തട്ടിപ്പ്. ‘അബ്ഷീർ’ അക്കൗണ്ട് ഹാക്ക് ചെയ്ത് ആളുകളുടെ വ്യക്തിവിവരങ്ങൾ ശേഖരിച്ചാണ് തട്ടിപ്പുകാര്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്‍പ എടുക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടെ നിരവധിപ്പേരാണ് ഇതിനോടകം ഇരകളായത്. വായ്‍പകളുടെ പേരില്‍ കേസായപ്പോള്‍ മാത്രമാണ് പലരും വിവരം പോലും അറിഞ്ഞത്
സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പാസ്‍പോർട്ട് (ജവാസത്ത്) ഡയറക്ടറേറ്റിന്റെ ഓൺലൈൻ സേവന പ്ലാറ്റ്ഫോമാണ് ‘അബ്ഷീര്‍’. പാസ്‍പോര്‍ട്ട് ഡയറക്ടറേറ്റില്‍ നിന്നാണെന്ന വ്യാജേന ഫോൺ ചെയ്‍ത് ഇഖാമ നമ്പർ ഉൾപ്പടെയുള്ള വിവരങ്ങൾ ആദ്യം തട്ടിപ്പുകാര്‍ ശേഖരിക്കും. തുടര്‍ന്ന് ഈ വിവരങ്ങള്‍ ഉപയോഗിച്ച് ‘അബ്ഷീറിലെ’ പ്രവാസികളുടെ വ്യക്തിഗത അകൗണ്ട് ഹാക്ക് ചെയ്യും. ഈ അക്കൗണ്ട് ഉപയോഗിച്ചാണ് രാജ്യത്തെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് പ്രവാസികളുടെ പേരില്‍ വായ്‍പയെടുക്കുന്നത്.
മലയാളികൾ ഉൾപ്പടെ നിരവധി പേര്‍ ഇതിനോടകം തന്നെ തട്ടിപ്പിന് ഇരകളായിട്ടുണ്ട്. വന്‍തുകയുടെ വായ്‍പകള്‍ തിരിച്ചടയ്ക്കാതെ കേസാവുമ്പോള്‍ മാത്രമാണ് പലരും സ്വന്തം പേരില്‍ ഇങ്ങനെയൊരു ലോണ്‍ ഉണ്ടെന്ന് തന്നെ അറിയുന്നത്. സാമ്പത്തിക ബാധ്യത നിലനില്‍ക്കുന്നതിനാല്‍ യാത്രാ വിലക്ക് നേരിടുന്നവരും നിരവധിപ്പേരുണ്ട്. ഇവര്‍ക്ക് അത്യാവശ്യ സാഹചര്യങ്ങളില്‍ പോലും നാട്ടില്‍ പോകാന്‍ സാധിക്കാത്ത സ്ഥിതിയാണ്.
റാസ്തനൂറയില്‍ ജോലി ചെയ്യുന്ന ഒരു മലയാളിക്ക് സെൻസസ് വിവരങ്ങൾ അപ്‍ഡേറ്റ് ചെയ്യാനെന്ന് പറഞ്ഞാണ് ജോലി സമയത്ത് ഫോണ്‍ കോള്‍ ലഭിച്ചത്. ഇഖാമ നമ്പർ ചോദിച്ചശേഷം ഫോണില്‍ വന്ന ഒ.ടി.പിയും ഇയാള്‍ സ്വന്തമാക്കി. തുടര്‍ന്ന് അബ്ഷിര്‍ അക്കൗണ്ടിലെ വിവരങ്ങളെല്ലാം വിളിച്ചയാള്‍ ഇങ്ങോട്ട് പറഞ്ഞ് ഉറപ്പുവരുത്തിയോടെ സംശയവും തോന്നിയില്ല. എന്നാല്‍ മണിക്കൂറുകള്‍ക്കം സിം കാര്‍ഡ് ബ്ലോക്കായി.
പിന്നീട് സൗദി ടെലികോം കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ നമ്പര്‍ ആരോ ബ്ലോക്ക് ചെയ്‍തതാണെന്ന് മനസിലായി. പകരം സിം നല്‍കി പ്രശ്നം പരിഹരിക്കുകയും ചെയ്‍തു. എന്നാല്‍ ഒരു മാസത്തിന് ശേഷം ലോണെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് തന്റെ പേരില്‍ മറ്റൊരു ലോണുണ്ടെന്ന വിവരം അദ്ദേഹം അറിഞ്ഞത്. തന്റെ പേരില്‍ പ്രോമിസറി നോട്ട് നല്‍കി ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 25,000 റിയാലാണ് തട്ടിപ്പുകാര്‍ വായ്‍പയെടുത്തത്.
പണം തിരിച്ചയ്ക്കാതെ വന്നപ്പോള്‍ ധനകാര്യ സ്ഥാപനം കേസ് കൊടുത്തു. ഈ കേസില്‍ അഞ്ച് ദിവസത്തിനകം 38,000 റിയാല്‍ തിരിച്ചടയ്ക്കാന്‍ കോടതി വിധിയും വന്നു. ഇത് അടയ്ക്കാതിരുന്നതിന് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്‍തു. നിലവില്‍ കേസുമായി മുന്നോട്ട് പോവുകയാണ് അദ്ദേഹം. ഇതിനിടയില്‍ തന്നെ അദ്ദേഹത്തിന്റെ സുഹൃത്തിനും സമാനമായ ഫോണ്‍ കോള്‍ ലഭിച്ചു. അബ്ഷിര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെങ്കിലും പൊലീസില്‍ പരാതി നല്‍കി ഒരു മണിക്കൂറിനുള്ളില്‍ തന്നെ വീണ്ടെടുക്കാന്‍ സാധിച്ചു. ഈ സമയം കൊണ്ട് എന്തെങ്കിലും തട്ടിപ്പ് നടത്തിയിട്ടുണ്ടാവുമോ എന്ന സംശയത്തിലാണിപ്പോള്‍.
അബ്‍ഷിറിലെ വ്യക്തിഗത അക്കൗണ്ട് ഹാക്ക് ചെയ്താൽ പവർ ഓഫ് അറ്റോർണി, പ്രോമസറി നോട്ട് തുടങ്ങിയ രേഖകൾ വ്യാജമായി നിർമിച്ചെടുക്കാന്‍ തട്ടിപ്പുകാര്‍ക്ക് സാധിക്കും. ഫോൺ സിമ്മും വ്യാജമായി സംഘടിപ്പിക്കാനാവും. ഇവ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. പ്രവാസികള്‍ ജാഗ്രത പാലിക്കണമെന്നാണ് ഇതിനോടകം കെണിയില്‍ കുടുങ്ങിയവരുടെ ഉപദേശം. കബളിപ്പിക്കപ്പെട്ടുവെന്ന് സംശയം തോന്നിയാല്‍ ഉടന്‍ പൊലീസില്‍ പരാതി നല്‍കണം. 330330 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുകയും ചെയ്യാം.