കൊല്ലം: എൽ.ഡി.എഫ് കൊല്ലം ലോക്സഭ സ്ഥാനാര്‍ഥി എം. മുകേഷിന്‍റെ നാമനിർദേശ പത്രിക സ്വീകരിച്ചത് നിയമവിരുദ്ധമാണെന്നുകാട്ടി യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. നോമിനേഷനോടൊപ്പം നല്‍കേണ്ട നിയമാനുസൃത സത്യവാങ്മൂലം മുകേഷ് നല്‍കിയില്ലെന്നാണ് ആരോപണം.
ഭാര്യയുടെ സ്വത്തുവിവരം മറച്ചുവെച്ചതായും പരാതിയിൽ പറയുന്നു. സ്വന്തം സ്വത്തുവിവരം സംബന്ധിച്ച് സത്യവാങ്മൂലം നല്‍കിയില്ല. ഭാര്യാഭര്‍തൃബന്ധം നിലനില്‍ക്കുമ്പോള്‍ ഭാര്യയുടെ സ്വത്തുവിവരം മറച്ചുവെക്കുന്നത് നിയമവിരുദ്ധമാണ്.
ഭാര്യയും ഭര്‍ത്താവും തമ്മില്‍ വിവാഹബന്ധം ഒഴിയുന്നതിനുള്ള ഹരജി നിലനില്‍ക്കുന്നെന്നത് സ്വത്തുവിവരം വെളിപ്പെടുത്തുന്നതിൽ നിന്ന് ഒഴിവാക്കാനാകുന്ന കാരണമല്ലെന്നും യു.ഡി.എഫ് കൊല്ലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം.എം. നസീറും ജനറല്‍ കണ്‍വീനര്‍ കെ.എസ്. വേണുഗോപാലും കമീഷന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.