തിരുവനന്തപുരം∙ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഒരു ശക്തിക്കും തകർക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികൾക്കെതിരെ സംഘടിപ്പിക്കുന്ന ജനകീയ കൺവൻഷൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
‘‘സർവകലാശാലയിലെ മികവ് പലരെയും അസ്വസ്ഥരാക്കുന്നു. ആർഎസ്എസും സംഘപരിവാറുമാണ് ഇതിനു പിന്നിൽ. കേരളത്തിലെ വൈസ് ചാൻസലർമാരെ (വിസി) പുറത്താക്കിയവർക്കു കേന്ദ്ര സർവകലാശാലകളിൽ സ്ഥിതിയെന്തെന്ന് അറിയില്ലേ?. അക്കാദമിക മികവാണ്, അല്ലാതെ രാഷ്ട്രീയമല്ല വിസിമാരെ നിയമിക്കാൻ മാനദണ്ഡമാക്കിയത്. ചാൻസലർ പദവി ഭരണഘടനാപരമല്ല, മറിച്ച് സർവകലാശാല നിയമം അനുവദിക്കുന്നതാണ്. വിസിക്കെതിരെ സർവകലാശാല നിയമം അനുസരിച്ചേ നടപടി സ്വീകരിക്കാവൂ. ഗവർണറായിരുന്ന് ചാൻസലറുടെ പദവി സംരക്ഷിക്കാമെന്ന് കരുതരുത്.’’– മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയുടെ അധികാരം കവരാൻ ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, സമാന്തര സർക്കാരാവാനാണ് ഗവർണറുടെ ശ്രമമെന്നും ആരോപിച്ചു. ‘‘ജുഡീഷ്യറിക്കും മീതേയാണ് എന്ന ഭാവമാണ് ഗവർണർക്ക്. ബില്ലുകള്‍ ഒപ്പിടില്ലെന്ന് ഗവർണർ പരസ്യനിലപാട് സ്വീകരിക്കുന്നു. മന്ത്രിയോടുള്ള പ്രീതി പിൻവലിക്കും എന്നും ഗവർണർ പറയുന്നു. ഇതൊക്കെ ചെയ്യാൻ ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാർ ഇവിടെയുണ്ട്. ഭരണഘടനാ ശിൽപികൾ ചിന്തിച്ചിട്ടുപോലും ഇല്ലാത്ത തരത്തിലാണ് ഗവർണറുടെ നീക്കങ്ങൾ.’’– മുഖ്യമന്ത്രി പറഞ്ഞു.
ബിൽ ഒപ്പിടാത്തതിനു മുഖ്യമന്ത്രി ഗവർണറെ പരിഹസിച്ചു. ‘‘ബില്ല് ഒപ്പിടില്ലെന്നും അടുത്ത നിമിഷം വായിച്ചിട്ടില്ലെന്നും ഗവർണര്‍ പറയുന്നു. വായിക്കാതെ ഒപ്പിടില്ലെന്ന് പറയാൻ വല്ല ദിവ്യസിദ്ധിയുമുണ്ടോ?’’– മുഖ്യമന്ത്രി ചോദിച്ചു. തന്നിലാണ് എല്ലാ അധികാരവും എന്ന് കരുതി ഗവർണർ സമാധാനിക്കട്ടെയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.