മണർകാട് > കേരളത്തിന്റെ പൊതുവികസനത്തിനൊപ്പം പുതുപ്പള്ളി എത്തിയിട്ടില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. എൽഡിഎഫ് പുതുപ്പള്ളി മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഐക്യകേരളം രൂപീകരിച്ചപ്പോൾഭാവി എങ്ങനെയാണെന്ന് ചർച്ചചെയ്‌ത് നയം രൂപീകരിച്ച പാർടിയാണ് കമ്യൂണിസ്‌റ്റ് പാർടി. മലബാറിന്റെ പിന്നാക്കാവസ്ഥ സമ്മേളനം പ്രത്യേകം പരിഗണിച്ചു. മലബാറിന്റെ പിന്നാക്കാവസ്ഥ ഇന്ന് ഏറെ പരിഹരിക്കപ്പെട്ടു. എന്നാൽഅന്ന് മുന്നിലായിരുന്ന പുതുപ്പള്ളി പിന്നോട്ടുപോയി. വികസനത്തേക്കുറിച്ച് ചോദിക്കുമ്പോൾപഞ്ചായത്തിൽകൃഷിഭവനുണ്ടെന്നും കെഎസ്‌എഫ്‌ഇ ബ്രാഞ്ചുണ്ടെന്നുമൊക്കെയാണ് യുഡിഎഫ് പറയുന്നത്. ഇതൊക്കെ എവിടെയാണ് ഇല്ലാത്തതെന്ന് പറഞ്ഞപ്പോൾകണ്ണൂരുമായി പുതുപ്പള്ളിയെ താരതമ്യം ചെയ്യാമെന്നായി. സർക്കാരിന്റെ കിഫ്‌ബിയടക്കം സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കാത്തതാണ് പുതുപ്പള്ളിക്ക് തിരിച്ചടിയായത്.
കേന്ദ്ര അവഗണന സാമ്പത്തിക ഉപരോധത്തോളം എത്തി. ഫെഡറൽ തത്വങ്ങൾ ലംഘിച്ച് കേരളത്തിന് അർഹമായ എല്ലാ അധികാരവകാശങ്ങളും ധനവിഹിതവും നിഷേധിക്കുന്നു. കടമെടുപ്പ് പരിധി കുറയ്‌ക്കുന്നു. കടുത്ത സാമ്പത്തിക ഞെരുക്കത്തിലായിയിട്ടും ഒരുദിവസം പോലും ട്രഷറി പൂട്ടിയിട്ടില്ല. പെൻഷനടക്കം ക്ഷേമ പദ്ധതികൾ തുടരുന്നു. കൃത്യമായ ധന മാനേജ്‌മെന്റിലൂടെയാണ് അത് സാധ്യമാക്കിയത്. നിത്യോപയോഗ സാധനങ്ങളിൽ 13 ഇനങ്ങളുടെ വിലയിൽ ഏഴരവർഷമായി മാറ്റമില്ല. ഒരു പ്രയാസവുമില്ലാതെ ഇത്തവണയും കേരളം ഓണമുണ്ണും. സാമ്പത്തിക പ്രയാസത്തിന്റെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കില്ല. കേന്ദ്ര അവഗണനക്കെതിരെ ശബ്ദിക്കാത്ത യുഡിഎഫിന്റേത് കൊടുംചതിയാണെന്നും അദ്ദേഹം പറഞ്ഞു.