തിരുവനന്തപുരം: മാഗ്‍സസെ അവാർഡ് ബഹിഷ്ക്കരണം പാർട്ടി തീരുമാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മാഗ്‍സസെ ആരാണെന്ന് പാർട്ടിക്ക് കൃത്യമായ ധാരണയുണ്ട്. തൊഴിലാളികളെ അടിച്ചമർത്തിയ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് വിരോധിയാണ് മാഗ്‍സസെയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗത്തെ മാഗ്‍സസെ അവാർഡ് നൽകി അപമാനിക്കാൻ ശ്രമിച്ചതായാണ് പാർട്ടി വിലയിരുത്തൽ.
കേരളത്തിലെ കൊവിഡ് പ്രതിരോധ നടപടികൾ ഒരു വ്യക്തിയിലേക്ക് ചുരുക്കുന്നത് ശരിയല്ലെന്ന ചിന്തയാണ് മാഗ്‍സസെ അവാർഡ് നിരാകരിക്കാൻ പ്രധാന കാരണമെന്ന് സിപിഎം കേന്ദ്ര നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്. കെ കെ ശൈലജ തന്നെ നിർദ്ദേശിച്ച നിലപാടാണ് പാർട്ടി അംഗീകരിച്ചത് എന്നാണ് സീതാറാം യെച്ചൂരിയുടെ വിശദീകരണം. എന്നാൽ സർക്കാരിന്‍റെ കൂട്ടായ നേട്ടത്തിന് വ്യക്തി അവാർഡ് സ്വീകരിക്കേണ്ടതില്ല എന്ന വിലയിരുത്തൽ യെച്ചൂരി മറച്ചുവയ്ക്കുന്നില്ല. രാഷ്ട്രീയ നേതാക്കൾ ഇത് വാങ്ങുന്നത് ഉചിതമല്ല എന്നതാണ് പാർട്ടിയുടെ ആദ്യ വിലയിരുത്തൽ. അരവിന്ദ് കെജ്രിവാൾ, കിരൺ ബേദി എന്നിവർക്ക് കിട്ടിയത് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് മുൻപാണ്. സിപിഐയുടെ മഹിളാ ഫെഡറേഷൻ അദ്ധ്യക്ഷ അരുണ റോയ് സ്വീകരിച്ചപ്പോഴും ആ സ്ഥാനം ഏറ്റെടുത്തിരുന്നില്ല.
റമോൺ മാഗ്‍സസെ സിഐഎയുമായി ചേർന്ന് കമ്മ്യൂണിസ്റ്റുകളെ കൊന്നൊടുക്കി എന്നത് മൂന്നാമത്തെ കാരണം മാത്രമെന്നും നേതാക്കൾ പറയുന്നു. അടുത്തിടെ ബുദ്ധദേബ് ഭട്ടാചാര്യ പദ്മ പുരസ്ക്കാരം വേണ്ടെന്ന് വച്ചിരുന്നു. എന്നാൽ കേരളത്തിലെ മന്ത്രിസഭ മാറ്റങ്ങളിൽ ധാരണ ആയ ശേഷമാണ് ഇക്കാര്യം ചർച്ചയായവുന്നത് എന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. കെ കെ ശൈലജയെ മന്ത്രിസഭയിൽ ഉൾപ്പടുത്താൻ പല സംസ്ഥാന നേതാക്കളും തയ്യാറല്ല എന്ന സൂചനയാണ് കേന്ദ്രനേതൃത്വം നല്‍കുന്നത്. രണ്ടാം പിണറായി സർക്കാർ വന്ന ശേഷം ഇക്കാര്യത്തിൽ പാർട്ടിയിൽ തുടങ്ങിയ ചർച്ച ഇപ്പോഴും തീർന്നിട്ടില്ല. സാങ്കേതിക കാരണങ്ങൾ പാർട്ടി നിരത്തുമ്പോഴും കെ കെ ശൈലജയ്ക്ക് രാജ്യാന്തര തലത്തിൽ പ്രാധാന്യം കിട്ടുന്നതിലെ വിഷയങ്ങൾ പാർട്ടിയിൽ തുടരുന്നു എന്ന സൂചനയാണ് പുതിയ വിവാദവും നല്‍കുന്നത്.