ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് വിനോദ് കോവൂർ. മീഡിയ വൺ സംപ്രേക്ഷണം ചെയ്ത എം80 മൂസ എന്ന പരിപാടിയാണ് നടനെ ജനപ്രിയനാക്കിയത്. ഇപ്പോഴിതാ സിനിമയിലെഹാസ്യ സംഭാഷണങ്ങളിൽ അശ്ലീലത കടന്നു വരുന്നതിലുള്ള വിയോജിപ്പ് വ്യക്തമാക്കുകയാണ് വിനോദ് കോവൂർ. ആനീസ് കിച്ചണിലാണ് തന്റെ നിലപാട് വെളിപ്പെടുത്തിയത്. ഇപ്പോൾ അശ്ലീലം കൊണ്ട് കോമഡി ഉണ്ടാക്കുന്ന രീതിയാണ് കണ്ടു വരുന്നതെന്നാണ് നടൻ പറയുന്നത്.
കുടുംബസമേതം സിനിമ കാണാൻ പോകുമ്പോഴാണ് ഇതൊരു പ്രശ്നമായി മാറുന്നത്. ഇത്തരം കോമഡികൾ കേൾക്കുമ്പോൾ എല്ലാവരും ചിരിക്കും. എന്നാൽ കുട്ടികൾ മാത്രം ചിരിക്കില്ല. അവർ ഇതിനെ കുറിച്ച് ചോദിച്ചാൽ ഉത്തരം മുട്ടിപോകും.
സത്യൻ അന്തിക്കാടിന്റെയൊക്കെ ചിത്രങ്ങളിൽ എത്ര കോമഡിയുണ്ട്. എത്ര നിഷ്കളങ്കമായ കാര്യങ്ങൾ പറഞ്ഞിട്ടാണ് ആളുകളെ ചിരിപ്പിക്കുന്നത്. എന്നാൽ ഇപ്പോൾ ദ്വയാർഥ പ്രയോഗങ്ങളും അശ്ലീലവും പറയാതെ കോമഡി പറയാൻ പറ്റില്ലെന്നുളള അവസ്ഥയാണ്. അത്തരം സാഹചര്യത്തിലേക്കാണ് ഇന്നത്തെ സിനിമ എത്തിയിരിക്കുന്നത്- വിനോദ് കോവൂർ വ്യക്തമാക്കി.