കൊച്ചി> പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും സിപിഐ എം നേതൃത്വത്തില്‍ എറണാകുളത്ത് ചൊവ്വാഴ്ച ബഹുജനറാലി നടത്തും.വൈകീട്ട് അഞ്ചിന് രാജേന്ദ്ര മൈതാനത്തുനിന്ന് മറൈന്‍ ഡ്രൈവിലേക്ക് നടക്കുന്ന റാലിക്കുശേഷം ചേരുന്ന പൊതുസമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്യും.ഗാസയിലെ 22 ലക്ഷം ജനങ്ങള്‍ക്കുനേരെയാണ് ഇസ്രയേല്‍ അധിനിവേശ യുദ്ധം നടത്തുന്നത്. സ്ത്രീകളും കുട്ടികളുമടക്കം ഏഴായിരത്തിലധികം പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ ആശുപത്രിയിലെ രോഗികള്‍ ഉള്‍പ്പടെയുള്ളവര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെടുകയാണ്.
1967ലെ യു എന്‍ പ്രമേയം അംഗീകരിച്ച് ഇസ്രയേല്‍ പലസ്തീന്‍ പ്രദേശങ്ങളില്‍ നിന്നു പിന്‍മാറണമെന്നിരിക്കെ, പിന്‍മാറിയില്ലെന്നു മാത്രമല്ല ഇസ്രയേലി കൈയേറ്റംമൂലം ഗാസാ ചീന്തും വെസ്റ്റ് ബാങ്ക് പ്രദേശവും മാത്രമായി പലസ്തീന്‍ ചുരുങ്ങിയിരിക്കുകയാണ്. പലസ്തീനിലുള്ളതിനേക്കാള്‍ പലസ്തീനികള്‍ പുറത്ത് അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയേണ്ടിവന്നിരിക്കുകയാണ്.സ്വാതന്ത്ര്യത്തിനുമുമ്പേ ഇന്ത്യ തുടരുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ നിലപാട് തിരുത്തി ഇസ്രയേലിന് മോദിസര്‍ക്കാര്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഫ്രഞ്ചുകാര്‍ക്ക് ഫ്രാന്‍സും ഇംഗ്ലീഷുകാര്‍ക്ക് ഇംഗ്ലണ്ടും എന്നതുപോലെ പലസ്തീന്‍കാര്‍ക്ക് പലസ്തീന്‍ അവകാശപ്പെട്ടതാണ് എന്നാണ് മഹാത്മാഗാന്ധി പറഞ്ഞത്. പലസ്തീന് രാഷ്ട്രപദവി ലഭിക്കുംമുമ്പ് പലസ്തീന്‍ സ്ഥാനപതിയെ അംഗീകരിച്ച രാജ്യമാണ് ഇന്ത്യ. ഹമാസിനെ ഭീകരസംഘടനായി ഇന്ത്യ ഇന്നുവരെ കണക്കാക്കിയിട്ടുമില്ല. എന്നിട്ടും ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ ലക്ഷ്യമിടുന്ന മോദി ഇസ്രയേലിന്റെ വംശഹത്യയെ പിന്തുണക്കുന്നത് അവരുമായുള്ള ആശയ ഐക്യമാണ് കാണിക്കുന്നത്.
കോണ്‍ഗ്രസിനും ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുക്കാന്‍ കഴിഞ്ഞിട്ടില്ല. പലസ്തീന്‍ ഐക്യദാര്‍ഢ്യസമ്മേളനത്തില്‍പോലും ഇസ്രയേല്‍ അനുകൂല നിലപാട് പ്രകടിപ്പിച്ച പ്രവര്‍ത്തകസമിതി അംഗം ശശി തരൂരിനെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ പലസ്ീന്‍ അനുകൂല പ്രമേയത്തെ എതിര്‍ത്ത ശശി തരൂര്‍ യു എന്നില്‍ അണ്ടര്‍ സെക്രട്ടറി ജനറാലിരിക്കുമ്പോഴും ഇസ്രയേല്‍ അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
ഈ സാഹചര്യത്തില്‍ ഗാസയിലെ ഇസ്രയേല്‍ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യറാലി വന്‍വിജയമാക്കണമെന്ന് പാര്‍ടി ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ അഭ്യര്‍ഥിച്ചു.