ദുബായ്: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ തള്ളി വ്യവസായി എം എ യൂസഫലി. സമൂഹമാധ്യമങ്ങളിൽ വരുന്ന ആരോപണങ്ങളെ ഭയമില്ലെന്നും ഇത്തരം ആരോപണങ്ങളെ അവഗണിക്കുന്നുവെന്നും യൂസഫലി പറഞ്ഞു. പാവപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുമ്പോൾ പല ആരോപണങ്ങളും ഉയരുമെന്നും ഇ ഡി നോട്ടീസ് അയച്ചതിനെക്കുറിച്ച് അത് റിപ്പോർട്ട് ചെയ്തവരോട് ചോദിക്കണമെന്ന് യൂസഫലി കൂട്ടിച്ചേര്‍ത്തു.
ഹൈദരാബാദിലേക്ക് സ്വപ്നയുടെ സ്ഥലം മാറ്റത്തിന് പിന്നിൽ യൂസഫലി ആണെന്ന് സിഎം രവീന്ദ്രനോട് പറഞ്ഞിരുന്നുവെന്ന എം ശിവശങ്കറിന്റെ ചാറ്റ് നേരത്തെ പുറത്ത് വന്നിരുന്നു. അതേസമയം, ലൈഫ് മിഷൻ അഴിമതിക്കേസിൽ വ്യവസായി എം എ യൂസഫലിക്ക് രണ്ട് തവണ നോട്ടീസ് നൽകിയിരുന്നതായി ഇ ഡി വൃത്തങ്ങൾ സ്ഥീരികരിച്ചു. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെച്ച ചില ഔദ്യോഗിക ചർച്ചകളിൽ അദ്ദേഹം പങ്കെടുത്തിരുന്നതായി മൊഴി കിട്ടിയെന്നും സാക്ഷിയെന്ന നിലയിലാണ് നോട്ടീസ് നൽകിയതെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്.