ന്യൂഡൽഹി∙ സൗദിയിൽ എങ്ങനെ വിജയിക്കാനാവുമെന്നതിന്റെ ഉദാഹരണം ലുലു ഗ്രൂപ്പ് ചെയർമാനും വ്യവസായിയുമായ എം.എ.യൂസഫലിയെന്ന് സൗദി നിക്ഷേപ വകുപ്പ് മന്ത്രി ഖാലിദ് അൽ ഫലിഹ്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സൽമാൻ രാജകുമാരന്റെ ഇന്ത്യ സന്ദർശനത്തോടനുബന്ധിച്ച് ഡൽഹിയിൽ സംഘടിപ്പിച്ച ഇന്ത്യ–സൗദി ബിസിനസ് ഫോറത്തിനിടയിലാണ് സൗദി മന്ത്രിയുടെ പ്രതികരണം.
സൗദിയിൽ ഇന്ത്യക്കാർക്ക് എങ്ങനെ വിജയിക്കാനാകുമെന്ന കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ ചോദ്യത്തിന് മറുപടിയായാണ് സൗദി മന്ത്രി യൂസഫലിയുടെ മാതൃക പറഞ്ഞത്. ‘‘സൗദികൾക്ക് പോലും യൂസഫലി ഒരു മാതൃകയാണ്. അദ്ദേഹം ഒരു പോസിറ്റീവ് മാതൃകയാണ്. ഞാൻ സൗദി അരാംകോ ചെയർമാൻ ആയിരുന്നപ്പോൾ, അരാംകോയിൽ ലുലു മാർക്കറ്റ് തുറക്കുന്നതിനെപ്പറ്റിയാണ് അദ്ദേഹം സംസാരിച്ചത്. ഇപ്പോൾ അരാംകോ ക്യാംപസിൽ 8 ലുലു മാർക്കറ്റുകളുണ്ട്. സൗദിയിൽ 100 ഹൈപ്പർ മാർക്കറ്റുകളിലേക്കുള്ള ലക്ഷ്യത്തിലേക്കാണ് ലുലു ഗ്രൂപ്പ്’’– സൗദി മന്ത്രി കൂട്ടിച്ചേർത്തു.
ലുലു മാതൃകയിൽ വളരാൻ ഇന്ത്യയിലെ കമ്പനികളെ സൗദി മന്ത്രി ക്ഷണിക്കുകയും ചെയ്തു. രാഷ്ട്രപതി ദ്രൗപദി മുർമു, സൗദി കിരീടാവകാശിയുടെ ബഹുമാനാർഥം ഒരുക്കിയ അത്താഴ വിരുന്നിലും യൂസഫലി സംബന്ധിച്ചു.