പാലക്കാട് : അട്ടപ്പാടി മധുകേസിൽ കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച സാക്ഷിക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും. 29 ആം സാക്ഷി സുനിൽകുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് മണ്ണാർക്കാട് എസ് സി- എസ് ടി കോടതി പരിഗണിക്കുക. കോടതിയിൽ കാണിച്ച ദൃശ്യങ്ങൾ വ്യക്തമല്ലെന്ന് പറഞ്ഞതിനെ തുടർന്ന് സുനിൽകുമാറിന്റെ കാഴ്ച ശക്തി പരിശോധിച്ചിരുന്നു.വൈദ്യപരിശോധനയിൽ കാഴ്ചക്ക് കുഴപ്പമില്ലെന്ന് വ്യക്തമായതിനെ തുടർന്നാണ് സാക്ഷിക്കെതിരെ പ്രോസിക്യൂഷൻ നടപടി ആവശ്യപ്പെട്ടത്. കേസിൽ ഇന്ന് മധുവിന്റെ സഹോദരി ചന്ദ്രിക ഉൾപ്പടെ മൂന്ന് പേരുടെ സാക്ഷി വിസ്താരം നടക്കും. മധുവിന്റെ അമ്മ മല്ലിയുടെ വിസ്താരവും ഇന്ന് നിശ്ചയിച്ചിരുന്നുവെങ്കിലും ഇവർക്ക് ഹൈക്കോടതിയിൽ ഹാജരാകേണ്ടതിനാൽ മറ്റൊരു ദിവസമാകും സാക്ഷി വിസ്താരം നടക്കുക.