മധുകൊലക്കേസ് വിസ്താരം പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിതമായ നീക്കങ്ങളാണ് പ്രോസിക്യൂഷൻ നടത്തുന്നത്. അതിൽ കൂറുമാറിയ രണ്ട് സാക്ഷികളെ വിസ്തരിക്കണമെന്ന അപേക്ഷ, കോടതി ഇന്നലെ അംഗീകരിച്ചു. മധുവിന്‍റെത് കസ്റ്റഡി മരണമാണോ എന്ന് പരിശോധിക്കാൻ നടത്തിയ മജിസ്റ്റീരിയിൽ അന്വേഷണ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കണം എന്നതാണ് ഒടുവിലത്തേത്. 2018 ൽ മധു കൊല്ലപ്പെട്ടതിന് പിന്നാലെ നടത്തിയ രണ്ട് മജിസ്റ്റീരിയിൽ അന്വേഷണ റിപ്പോർട്ടിലെ ഉള്ളടക്കവും ഇപ്പോഴും അഞ്ജാതമായി തുടരുകയാണ്.
മധു കൊലക്കേസിൽ കൂറുമാറിയ രണ്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ മണ്ണാർക്കാട് എസ് സി എസ്ടി വിചാരണക്കോടതി അനുമതി നൽകി. പതിനെട്ടാം സാക്ഷി കാളി മൂപ്പൻ, പത്തൊമ്പതാം സാക്ഷി കക്കി എന്നിവരെയാണ് വീണ്ടും വിസ്തരിക്കുക. കൂറുമാറിയതിന് വനംവകുപ്പിലെ താത്കാലിക ജോലി നഷ്ടപ്പെട്ടയാളാണ് കാളി മൂപ്പൻ. മധുവിനെ കുറച്ചുപേർ തടഞ്ഞു നിർത്തി, ഓടിപ്പോകാതിരിക്കാൻ കൂട്ടമായി വളഞ്ഞ്, ഉന്തിത്തള്ളി നടത്തിക്കൊണ്ടുവരുന്നത് കണ്ടു എന്നായിരുന്നു ആദ്യം പൊലീസിന് നൽകിയ മൊഴി. കാളി മൂപ്പൻ ഈ മൊഴി കോടതിയിൽ തിരുത്തി. പ്രതികളിൽ ചിലർ മധുവിനെ അടിക്കുന്നത് കണ്ടെന്ന് പൊലീസിന് നൽകിയ മൊഴിയും സാക്ഷി കോടതിയിൽ നിഷേധിച്ചിരുന്നു.
പത്തൊമ്പതാം സാക്ഷി കക്കിയെയും 20 ന് വീണ്ടും വിസ്തരിക്കും. അജമലയിൽ വച്ച് മധുവിനെ കണ്ടെന്നും വിവരം രണ്ടാം പ്രതിയോട് പറഞ്ഞെന്നുമുള്ള മൊഴിയാണ് കോടതിയിൽ മുമ്പ് നിഷേധിച്ചത്. ഇരുവരേയും മുമ്പ് വിസ്തരിച്ചപ്പോൾ, ചില പ്രധാന കാര്യങ്ങൾ ചോദിക്കാൻ വിട്ടുപോയെന്നും വ്യക്തത വരുത്താൻ വീണ്ടും വിസ്തരിക്കണമെന്നുമുള്ള പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതിഭാഗം ഇതിനെ എതിർത്തെങ്കിലും കോടതി പരിഗണിച്ചില്ല.
ഇത് രണ്ടാം തവണയാണ് കൂറുമാറിയ സാക്ഷിയെ കോടതി വീണ്ടും വിസ്തരിക്കുന്നത്. നേരത്തെ 29 -ാം സാക്ഷി സുനിലിനെയും കോടതി വിസ്തരിച്ചിരുന്നു. സ്വന്തം ദൃശ്യം ഉൾപ്പെട്ട ഭാഗം കാണുന്നില്ലെന്ന് പറഞ്ഞതോടോ, ഇയാളുടെ കാഴ്ച ശക്തി പരിശോധിപ്പിക്കുകയും തൊട്ടടുത്ത ദിവസം വിസ്തരിക്കുകയുമായിരുന്നു.