കൊച്ചി : അനിയനെ പോലെ ചേർത്തുപിടിച്ച വ്യക്തിയാണ് വിടവാങ്ങുന്നതെന്ന് തിരക്കഥാകൃത്ത് ജോൺ പോളിനെ അനുസ്മരിച്ച് സംവിധായകൻ മധുപാൽ. ഇനിയും സംസാരിച്ച് കൊതി തീർന്നിട്ടില്ലെന്നും മധുപാൽ പറഞ്ഞു. ‘അദ്ദേഹത്തെ പോലൊരു മനുഷ്യൻ ഇല്ലാതാകുന്നു എന്ന് പറയുന്നത് സങ്കടകരമാണ്. അദ്ദേഹം ആശുപത്രിയിലായിരുന്നപ്പോഴും മകളുമായി സംസാരിക്കുമായിരുന്നു. അദ്ദേഹത്തോട് സംസാരിച്ച് കൊതി തീർന്നിട്ടില്ല. ഓരോ തവണ സംസാരിക്കുമ്പോഴും ഇനിയും പറയാൻ എന്തൊക്കെയോ ബാക്കിവച്ചിട്ടുണ്ടെന്ന ഫീൽ ആണ് നമുക്ക് തരുന്നത്. ഞാൻ എറണാകുളത്ത് ഉണ്ടായിരുന്നകാലം 1985 മുതൽ ഞാൻ അങ്കിളുമായി പരചിയപ്പെട്ടിട്ടുണ്ട്. യാത്ര എന്ന ചിത്രത്തിന്റെ തീയറ്റർ റിലീസിന്റെ സമയത്താണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്.
മിന്നാമിനുങ്ങളുടെ നൂറുവട്ടം, അമ്പട ഞാനേ പോലെ നിരവധി വൈവിധ്യമാർന്ന ചിത്രങ്ങൾക്ക് കഥയൊരുക്കിയ വ്യക്തിയാണ് അദ്ദേഹമെന്ന് മധുപാൽ ഓർമിച്ചെടുത്തു. അദ്ദേഹത്തിന്റെ നിര്യാണം സങ്കടകരമാണ്. ദേഹം കൊണ്ടേ അദ്ദേഹം നമ്മെ വിട്ട് പോകുന്നുള്ളു, കർമം കൊണ്ട് എന്നും നമ്മോടൊപ്പം ഉണ്ടാകുമെന്ന് മധുപാൽ പറഞ്ഞു.
ഇന്ന് ഉച്ചയോടെ കൊച്ചിയെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ജോൺ പോൾ അന്തരിച്ചത്. ദീർഘകാലമായി ജോൺ പോൾ ചികിത്സയിലായിരുന്നു. മലയാളികൾക്ക് എക്കാലവും ഓർത്തുവെയ്ക്കാനാവുന്ന ചാരുതയും കരുത്തുമുള്ള സ്‌നേഹപാദുകങ്ങൾ നൽകിയ എഴുത്തുകാരനാണ് ജോൺ പോൾ. മനുഷ്യകഥാനുഗായികളും ജീവിതഗന്ധികളുമായ ഒട്ടേറെ ചലച്ചിത്രങ്ങൾ. അന്യാദൃശങ്ങളായ ചാരുതയേറുന്ന ഓർമ്മക്കുറിപ്പുകളും ചരിത്രങ്ങളുമടങ്ങുന്ന 20 ലേറെ പുസ്തകങ്ങളിലായി എഴുതപ്പെട്ട ഗദ്യസഞ്ചയം. അഭിജാതമായ സംസ്‌കൃതിയെ പേറുന്ന കലാകാരൻ. വിനായന്വിതനായ മനുഷ്യൻ. 98 ഓളം ചലച്ചിത്രങ്ങൾക്കായി തിരരൂപം രചിച്ച കഥാകാരൻ. ടെലിവിഷൻ അവതാരകൻ. മാധ്യമ പ്രവർത്തകൻ. ചലച്ചിത്ര അധ്യാപകൻ. ജാഗ്രത്തായ മനസ്സോടെ ജീവിക്കുന്ന സാംസ്‌കാരിക പ്രവർത്തകൻ. ചലച്ചിത്ര നിർമാതാവ്. ഇത്തരത്തിൽ ബഹുതകളാൽ ബഹുലമായ ജീവിതം നയിക്കുന്ന എഴുത്തുകാരനെത്തേടി ഒട്ടേറെ പുരസ്‌ക്കാരങ്ങളും എത്തിയിട്ടുണ്ട്.