പാലക്കാട് : അട്ടപ്പാടി മധു കൊലക്കേസില്‍ പോലീസിനെതിരെ കൂടുതല്‍ ആരോപണവുമായി മധുവിന്റെ സഹോദരി. മര്‍ദനമേറ്റ മധുവുമായി ആശുപത്രിയിലേക്കുപോയ പോലീസ് ജീപ്പ് പറയന്‍കുന്ന് ഭാഗത്ത് നിര്‍ത്തിയിട്ടെന്ന് സഹോദരി സരസു ആരോപിച്ചു. ഒന്നാം പ്രതി ഹുസൈന്‍, മൂന്നാം പ്രതി ഷംഷുദ്ദീന്‍, പതിനാറാം പ്രതി മുനീര്‍ എന്നിവര്‍ മധുവിനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് വ്യക്തമാക്കുന്ന കുറ്റപത്രത്തിന്റെ പകര്‍പ്പ് പുറത്തുവന്നു. ആള്‍ക്കൂട്ടവിചാരണയും മര്‍ദനവും നേരിട്ട മധുവിനെ 2018 ഫെബുവരി 22 ന് ഉച്ചതിരിഞ്ഞ് 3.30 ഓടെയാണ് പോലീസെത്തി ജീപ്പില്‍ കയറ്റി അഗളി ആളുപത്രിയിലേക്ക് കൊണ്ടുപോയത്. മുക്കാലിയില്‍ നിന്ന് ഒരുകിലോമീറ്ററില്‍ താഴെയുള്ള പറയന്‍കുന്ന് എന്ന ഭാഗത്ത് പോലീസ് ജീപ്പ് നിര്‍ത്തിയിട്ടിരുന്നതായാണ് സഹോദരിയുടെ ആരോപണം.
മരണത്തില്‍ പോലീസിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന കുടുംബം സിബിഐ അന്വേഷണണത്തിലേ ഇക്കാര്യം വെളിപ്പെടൂ എന്നും വ്യക്തമാക്കുന്നു. കേസിലെ പ്രധാന സാക്ഷികളില്‍ ഭൂരിഭാഗവും പ്രതികളുമായി അടുപ്പമുള്ളവരായതിനാല്‍ കൂറുമാറുമെന്ന സംശയവും കുടുംബം പങ്കുവയ്ക്കുന്നു. സാക്ഷികളിലൊരാള്‍ക്ക് പ്രതികള്‍ ഇതിനായി രണ്ടു ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും സഹോദരി ആരോപിക്കുന്നു.
കടയില്‍ നിന്ന് ഭക്ഷണമെടുത്തെന്ന് ആരോപിച്ച് വ്യാപാരികളും അവരുടെ സുഹൃത്തുക്കളും ഡ്രൈവര്‍മാരുമായ മറ്റു പ്രതികളും ക്രൂരമായി മധുവിനെ മര്‍ദ്ദിച്ചെന്നാണ് കുറ്റപത്രം വ്യക്തമാക്കുന്നത്. കൊലപാതകം, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പീഡനം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ എല്ലാ പ്രതികള്‍ക്കെതിരെയും ചുമത്തിയിട്ടുണ്ട്. മധുവിനെ പിടികൂടിയ അജമുടി ഭാഗത്ത് വച്ച് മര്‍ദനത്തിന് നേതൃത്വം നല്‍കിയത് ആറു പ്രതികള്‍. അതില്‍ സിഐടിയു നേതാവും ടാക്‌സി ഡ്രൈവറുമായ മൂന്നാം പ്രതി ഷംഷുദ്ദീന്‍ വടികൊണ്ട് അടിച്ചതിനാല്‍ ഇടതു ഭാഗത്തെ വാരിയെല്ല് പൊട്ടി. പതിനാറാം പ്രതി മുനീര്‍ കാല്‍മുട്ടുകൊണ്ട് നടുവിന് ഇടിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെ മുക്കാലിയിലെത്തിയ ഒന്നാം പ്രതി ഹുസൈന്റെ ചവിട്ടേറ്റ് വീണ മധുവിന്റെ തല ക്ഷേത്ര ഭണ്ഡാരച്ചുവരിലിടിച്ച് പരിക്കേറ്റെന്നും കുറ്റപത്രം പറയുന്നു. മധുവിന്റെ ശരീരത്തിലേറ്റ പതിനഞ്ചിലേറെ പരിക്കുകളാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട്.