ദില്ലി: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കുടുംബത്തെ താമസിപ്പിക്കാത്തത് എന്ത് കൊണ്ടാണെന്ന ചോദ്യത്തോട് പ്രതികരിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. താൻ തൻ്റെ മുൻഗണനകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മൂന്ന് മക്കളും മുഖ്യമന്ത്രിയുടെ ഔദ്യോഗിക ബംഗ്ലാവിൽ താമസിക്കുന്നില്ലെന്നും മോഹൻ യാദവ് പറഞ്ഞു. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കുടുംബത്തെ കുറിച്ചുള്ള ചോദ്യത്തിന് മോഹൻ യാദവ് മറുപടി പറഞ്ഞത്.
താൻ തൻ്റെ മുൻഗണനകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാരണം കുടുംബത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തൻ്റെ ഉത്തരവാദിത്തങ്ങൾക്ക് തടസ്സമാകുമെന്നും മോഹൻ യാദവ് പറഞ്ഞു. 49 കാരനായ യാദവ് ഒരു പെൺകുട്ടിയുടേയും രണ്ട് ആൺമക്കളുടെയും പിതാവാണ്. തൻ്റെ മകൻ ഭോപ്പാലിലാണ് പഠിക്കുന്നത്. അവൻ എംബിബിഎസ് കോഴ്‌സ് പൂർത്തിയാക്കിയിരിക്കുകയാണ്. ഇപ്പോൾ എംഎസ് ചെയ്യുന്നു. അവൻ ഈ ചുറ്റുപാടിലാണെങ്കിൽ അവനത് ബുദ്ധിമുട്ടായിരിക്കും. അതിനാൽ അവന് ശരിയായി പഠിക്കണമെങ്കിൽ അവൻ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മുഖ്യമന്ത്രി എൻഡിടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
നേരത്തെ, എൻ്റെ മകൾ ഇവിടെ ഭോപ്പാലിൽ എംബിബിഎസ് കോഴ്സ് ചെയ്യുകയായിരുന്നു. അപ്പോഴും ഞാൻ അവളോട് പറഞ്ഞു, നിങ്ങൾ ഹോസ്റ്റലിൽ പഠിക്കണമെന്ന്. കുട്ടികൾക്കും അത് ശരിയാണെന്ന നിലപാടാണ്. എൻ്റെ മനസ്സിൽ കുടുംബത്തിന് ഇതിനോട് ഒരു പോസിറ്റീവ് സമീപനമുണ്ട് എന്ന സംതൃപ്തിയുണ്ടെന്നും യാദവ് കൂട്ടിച്ചേർത്തു. അതേസമയം, കുടുംബത്തോട് കടുംപിടുത്തം കാണിക്കുന്നില്ലേ എന്ന ചോദ്യത്തിന് നമുക്ക് കൂടുതൽ കടുപ്പമുണ്ടാകും, മനസ്സിലാക്കുമ്പോഴെന്ന് യാദവ് മറുപടി നൽകി. കുടുംബത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ നമ്മുടെ ഉത്തരവാദിത്തങ്ങളിൽ അധികം ശ്രദ്ധിക്കാൻ കഴിയില്ലാരിക്കാം. ആ വികാരത്തിൽ നിന്ന് നമ്മെത്തന്നെ രക്ഷിക്കണമെന്നും മോഹൻ യാദവ് പറഞ്ഞു.