ദില്ലി: മധ്യപ്രദേശിന് പിറകെ എംബിബിഎസ് ഹിന്ദിയില്‍ പഠിപ്പിക്കാനൊരുങ്ങി ഉത്തരാഖണ്ഡ്. ഈ മാസാവസാനത്തോടെ ഹിന്ദിയിലുള്ള എംബിബിഎസ് കോഴ്സ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ലോഞ്ച് ചെയ്യുമെന്ന് സംസ്ഥാന ഇന്‍ഫോര്‍മേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ഇതോടെ മധ്യപ്രദേശിന് ശേഷം ഹിന്ദിയില്‍ എംബിബിഎസ് പഠിപ്പിക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.ഹിന്ദി കോഴ്സ് ഓപ്ഷണലായാണ് നടപ്പാക്കുന്നത്. ഉത്തരാഖണ്ഡ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ നാലംഗ കമ്മിറ്റി നേരത്തെ വിഷയത്തെ കുറിച്ച് പഠിച്ചിരുന്നു. ഈ പഠനത്തിന് ശേഷമാണ് കോഴ്സ് നടപ്പാക്കുന്നത്. മധ്യപ്രദേശിലെ ഹിന്ദി എംബിബിഎസ് കോഴ്സ് പഠിച്ചശേഷം ഹിന്ദിയില്‍ സ്വന്തം സിലബസ് തയാറാക്കി ഹേംവതി നന്ദന ബഹുഗുണ മെഡിക്കല്‍ എഡ്യുക്കേഷന്‍ യൂണിവേഴ്സിറ്റിക്ക് നല്‍കുകയായിരുന്നു.
യൂണിവേഴ്സിറ്റിയാണ് കോഴ്സ് നടപ്പാക്കാനുള്ള ബാക്കി കാര്യങ്ങള്‍ ചെയ്തത്. ഉദ്ദം സിംഗ് നഗര്‍ എഐഐഎംഎസ് സാറ്റലൈറ്റ് സെന്ററിന്റെ ഭൂമി പൂജയ്ക്കും ഹിന്ദി എംബിബിഎസ് കോഴ്സ് ലോഞ്ചിംഗിനുമായി കേന്ദ്രമന്ത്രി മാണ്ഡവ്യയെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം ഉടന്‍ എത്തുമെന്ന് അറിയിച്ചതായും സംസ്ഥാന ആരോഗ്യ മന്ത്രി ധന്‍ സിംഗ് റാവത്ത് അറിയിച്ചു. പുതിയ എംബിബിഎസ് കോഴ്സ് ഹിന്ദി മീഡിയം സ്‌കൂളുകളില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് വലിയ സമ്മാനമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡില്‍ 700 സീറ്റുള്ള അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും 450 സീറ്റുള്ള മൂന്നു സ്വകാര്യ മെഡിക്കല്‍ കോളേജുകളുമാണുള്ളത്. കഴിഞ്ഞ വര്‍ഷം മധ്യപ്രദേശ് സര്‍ക്കാര്‍ അനാട്ടമി, സൈക്കോളജി, ബയോകെമിസ്ട്രി എന്നീ വിഷയങ്ങളിലുള്ള എംബിബിഎസ് പാഠപുസ്തകങ്ങള്‍ ഹിന്ദിയില്‍ തയാറാക്കിയിരുന്നു.