ഭോപ്പാൽ: മധ്യപ്രദേശിൽ 19കാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ ബി.ജെ.പി നേതാവിന്റെ മകൻ അറസ്റ്റിൽ. കേസിലെ മറ്റ് മൂന്ന് പ്രതികളെ പിടികൂടാൻ പൊലീസിന് ഇനിയും സാധിച്ചിട്ടില്ല. പെൺകുട്ടിയുടെ സഹോദരിയേയും ഇവർ ഉപദ്രവിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ ദാത്തിയ ജില്ലയിലാണ് സംഭവമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.
ബലാത്സംഗ കേസിലെ അതിജീവിത സംഭവത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ചു. നിലവിൽ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ധ്രുവ് റായിയെന്നയാളാണ് കേസിലെ ഒന്നാം പ്രതി.ബി.ജെ.പി ഉന്നാവോ മണ്ഡലം പ്രസിഡന്റ് കിഷൻ റായിയുടെ മകനാണ് ഇയാൾ. കേസിലെ പ്രതികളായ മറ്റ് മൂന്ന് പേരും ഇയാളുടെ സുഹൃത്തുക്കളാണ്. വെള്ളിയാഴ്ച പെൺകുട്ടികൾ സ്കൂളിൽ നിന്ന് വരുമ്പോഴാണ് സംഭവമുണ്ടായത്.
ബി.ജെ.പി നേതാവിന്റെ മകനും മറ്റുള്ളവരും ചേർന്ന് പെൺകുട്ടിയെയും സഹോദരിയേയും ബലമായി കാറിലേക്ക് പിടിച്ചു കയറ്റുകയായിരുന്നു. പിന്നീട് കേസിലെ മറ്റൊരു പ്രതിയായ രാമകിഷോർ യാദവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. പിന്നീടാണ് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തെ കുറിച്ച് പുറത്ത് പറഞ്ഞാൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ഇവർ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി.
എന്നാൽ, വീട്ടിലെത്തിയ ഉടൻ അതിജീവിത ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറലോകമറിഞ്ഞത്. നിലവിൽ ഝാൻസി മെഡിക്കൽ കോളജിൽ ചികിത്സയിലാണ് പെൺകുട്ടി. സംഭവത്തിൽ പരാതി നൽകിയിട്ടും കേസെടുക്കാൻ പൊലീസ് തയാറായില്ലെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. തുടർന്ന് തങ്ങൾ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചപ്പോഴാണ് അവർ കേസെടുക്കാൻ തയാറായതെന്ന് പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു. അതേസമയം, ആരോപണം പൊലീസ് സൂപ്രണ്ട് നിഷേധിച്ചു. പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയപ്പോൾ തന്നെ നാല് പേർക്കെതിരെയും കേസെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു.