റിയാദ്: പുണ്യ മാസമായ റമദാനിൽ മദീനയിലെ പള്ളിയിൽ വൻ തിരക്ക്. ഈ വര്‍ഷം സര്‍വകാല റെക്കോഡില്‍ മദീനാ പള്ളിയിലെ വിശ്വാസികളുടെ എണ്ണമെത്തും. ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന രാത്രി നമസ്‌കാരങ്ങള്‍ റോഡുകളിലേക്ക് ഇതിനകം എത്തിക്കഴിഞ്ഞു. ജിസിസി, ടൂറിസം, ബിസിനസ്, വിസിറ്റ് എന്നിങ്ങിനെ വിവിധ തരം വിസകള്‍ വേഗത്തില്‍ ലഭ്യമായതോടെ മദീനയിലേക്ക് എത്തുന്ന ആളുകളുടെ എണ്ണത്തിലും വര്‍ദധനവുണ്ടായി. റമദാനിലെ ആദ്യ ദിനങ്ങളില്‍ തന്നെ വന്‍ തിരക്കാണ് മദീനയിൽ അനുഭവപ്പെടുന്നത്. റമദാൻ അവസാന പത്തിലേക്ക് നീങ്ങുമ്പോഴേക്കും സൗദി അറേബ്യയിലെ മിക്ക സ്ഥാപനങ്ങളും അവധിയിലേക്ക് നീങ്ങും. ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരക്കിനാകും മദീന ഈ റമദാനില്‍ സാക്ഷ്യം വഹിക്കുക. വിവിധ ഇമാമുമാര്‍ക്ക് നേരത്തെ തന്നെ നമസ്‌കാരത്തിനുള്ള ചുമതല കൈമാറിയിരുന്നു. നോമ്പു തുറന്ന ശേഷമുള്ള രാത്രി നമസ്‌കാരങ്ങളിലാണ് റെക്കോഡ് എണ്ണം വിശ്വാസി പങ്കാളിത്തമുള്ളത്.