ചെന്നൈ: തമിഴ്നടൻ സൂര്യക്കും ജയ് ഭീം സംവിധായകൻ ഗണവേലിനുമെതിരായ കേസ് റദ്ദാക്കി മദ്രാസ് ഹൈകോടതി. വേലാച്ചേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസാണ് റദ്ദാക്കിയത്. വാണിയാർ സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് സിനിമക്കെതിരെ പരാതി നൽകിയത്.
ഇരുവരും ചേർന്ന് നൽകിയ സംയുക്ത പെറ്റീഷൻ കോടതി അനുവദിക്കുകയായിരുന്നു. ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അഭിഭാഷകൻ കെ.സന്തോഷാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. വിരമിച്ച ജഡ്ജിയായ കെ.ചന്ദ്രുവിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ എടുത്തിരിക്കുന്നത്. എന്നാൽ, സിനിമയിൽ ചന്ദ്രവിന്റെ പേര് മാത്രമാണ് യഥാർഥത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമയെന്ന് തുടക്കത്തിൽ പറയുന്നുണ്ട്. എന്നാൽ, ഐ.ജി പെരുമാൾസ്വാമി ഉൾപ്പടെയുള്ളവരുടെ പേരുകൾ സിനിമയിൽ മാറ്റിയിട്ടുണ്ട്. കുറ്റാരോപിതരുടെ പേരുകൾ സംവിധായകൻ മനപൂർവം മാറ്റിയെന്ന് ആരോപിച്ചാണ് കേസ് നൽകിയത്.