ചെന്നൈ: തമിഴ്‌നാട് മുന്‍ മന്ത്രി വി സെന്തില്‍ ബാലാജിയെ കസ്റ്റഡിയിലെടുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) അവകാശമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. ഡിവിഷന്‍ ബെഞ്ചിന്റെ ഭിന്നവിധിയെത്തുടര്‍ന്ന് ചീഫ് ജസ്റ്റിസ് നാമകരണം ചെയ്ത മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി വി കാര്‍ത്തികേയന്റേതാണ് ഉത്തരവ്. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചാലും കസ്റ്റഡി നീട്ടാനാകില്ല, അതുപോലെ കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ എടുക്കാമെന്ന വസ്തുത നിഷേധിക്കാനുമാവില്ല. ഈ കേസില്‍ പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ അധികാരമുണ്ട്. അറസ്റ്റും റിമാന്‍ഡും നിയമ വിധേയമായതിനാല്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നിലനില്‍ക്കില്ല. ഇക്കാര്യത്തില്‍ ജസ്റ്റിസ് ഭരത ചക്രവര്‍ത്തി പറഞ്ഞ കാരണവുമായി യോജിക്കുന്നുവെന്നും സി വി കാര്‍ത്തികേയന്‍ വ്യക്തമാക്കി.
ജസ്റ്റിസുമാരായ നിഷ ബാനു, ഡി ഭരത ചക്രവര്‍ത്തി എന്നിവരുടെ ബെഞ്ചായിരുന്നു ഹര്‍ജി പരിഗണിച്ചത്. ബാലാജിയുടെ മോചനത്തിനായി സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി നിലനില്‍ക്കുന്നതാണെന്നും അത് അനുവദിക്കണമെന്നും ജസ്റ്റിസ് നിഷാ ബാനു പറഞ്ഞു. എന്നാല്‍ ഈ നിലപാടിനോട് യോജിക്കാനാകില്ലെന്നായിരുന്നു ജസ്റ്റിസ് ഭരത ചക്രവര്‍ത്തിയുടെ നിലപാട്. റിമാന്‍ഡ് ഉത്തരവിനുശേഷം ഹേബിയസ് കോര്‍പസ് ഹര്‍ജി നിലനിര്‍ത്താനാകുമോയെന്ന് ജസ്റ്റിസ് ഭരത ചോദിച്ചു. ബാലാജിയുടെ റിമാന്‍ഡ് നിയമവിരുദ്ധമാണെന്ന് കാണിക്കാന്‍ ഒരു കേസും എടുത്തിട്ടില്ലെന്നും അതിനാല്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു.