പത്തനംതിട്ട > മണ്ണ് കൊണ്ടുപോയതിന്റെ പണം ചോദിച്ചതിന് മാഫിയ സംഘം യുവാവിനെ ക്രൂരമായി മർദിച്ചു. ശാസ്താംകോട്ട പള്ളിശേരിക്കൻ എംആർഎസ് വില്ലയിൽ മുനീറിനാണ് (22) മർദനമേറ്റത്.ഭവൻസ് സ്കൂളിന് വേണ്ടി വാര്യാപുരത്ത് പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണ സ്ഥലത്ത് ശനിയാഴ്ച പകൽ 2.45നാണ് സംഭവം. നിർമാണത്തിന്റെ ഭാഗമായി മണ്ണ് നീക്കം ചെയ്യാൻ കരാർ എടുത്തിരിക്കുന്ന കമ്പനിയുടെ ജീവനക്കാരനാണ് മുനീർ.
മാവേലിക്കര സ്വദേശിയായ മഹേഷ് മുനീറിൽ നിന്ന് മുമ്പ് മണ്ണ് കൊണ്ടു പോയതിന്റെ പണം നൽകാനുണ്ടെന്ന് പറയുന്നു. ഈ പണം നൽകാതെ ശനിയാഴ്ച വീണ്ടും മണ്ണ് കൊണ്ടുപോകാനായി മഹേഷിന്റെ ലോറിയുമായി ഡ്രൈവർ എത്തി. മണ്ണ് കയറ്റി പോകാൻ ശ്രമിക്കുമ്പോൾ, നേരത്തെയുള്ള പണം നൽകാതെ പാസ് നൽകില്ലെന്ന് മുനീർ പറഞ്ഞു. പിരിഞ്ഞു പോയ ഡ്രൈവർ അരമണിക്കൂറിന് ശേഷം മഹേഷും മറ്റ് പത്തംഗ സംഘവുമായി മടങ്ങിയെത്തി ആക്രമിക്കുകയായിരുന്നുവെന്നും മുനീർ പൊലീസിൽ പറഞ്ഞു. കുമ്പഴയിലും മലയാലപ്പുഴയിലുമുള്ള സംഘമാണ് മർദിക്കാൻ ആയുധവുമായായെത്തിയത്. മുനീറിന് ശരീരമാസകലം മർദനമേറ്റു. നാട്ടുകാരാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മുനീറിനെ പ്രവേശിപ്പിച്ചത്.