മാഗി നൂഡില്‍സ് എത്രയോ വര്‍ഷങ്ങളായി നമ്മുടെ മാര്‍ക്കറ്റില്‍ ഏറ്റവുമധികം ഡിമാൻഡുള്ള ഭക്ഷ്യവസ്തുവായി വിറ്റഴിക്കപ്പെടുന്ന ഉത്പന്നമാണ്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാമെന്നതിനാലും അത്ര വിലപിടിപ്പുള്ളതല്ല എന്നതിനാലുമാണ് അധികപേരും മാഗിയെ ആശ്രയിക്കുന്നത്.
കുട്ടികള്‍ക്കും യുവാക്കള്‍ക്കുമെല്ലാം മാഗി ഏറെ ഇഷ്ടമാണ്. ഇതിന്‍റെ പല ഫ്ളേവറുകളും ഇന്ന് ലഭ്യവുമാണ്. നമ്മള്‍ വീട്ടില്‍ തയ്യാറാക്കുമ്പോഴും ഓരോ വീടുകളിലും ഓരോ രീതിയിലാണ് മാഗി തയ്യാറാക്കാറ്. മുട്ട ചേര്‍ത്തും, പച്ചക്കറികള്‍ ചേര്‍ത്തും, ഇറച്ചി ചേര്‍ത്തും, മസാല മാത്രം ചേര്‍ത്തുമെല്ലാം മാഗി തയ്യാറാക്കാറുണ്ട്.
കടയില്‍ നിന്ന് കഴിക്കുകയാണെങ്കിലും പൊതുവെ ‘ചീപ്പ്’ ആണ് മാഗി എന്ന് നമുക്കറിയാം. എന്നാല്‍ നാന്നൂറ് രൂപയ്ക്ക് മാഗി വില്‍ക്കുന്നൊരു കടയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. സ്വാഭാവികമായും ഏവര്‍ക്കും സംശയം തോന്നാം, നാന്നൂറ് രൂപയ്ക്ക് മാഗിയോ എന്ന്. ഇത്രയും വില കൊടുത്ത് ഇത് വാങ്ങിക്കഴിക്കേണ്ട കാര്യമെന്താണെന്നും തോന്നാം. എന്നാല്‍ ഇങ്ങനെ പിന്തിരിയാൻ വരട്ടെ. ഇത് വെറും മാഗിയല്ല. അതുകൊണ്ട് തന്നെയാണ് ഇത്രയും വിലയും വരുന്നത്.
മാഗിയില്‍ സാധാരണഗതിയില്‍ ചേര്‍ക്കാനുള്ള മസാല നമുക്ക് ഇതിന്‍റെ കൂടെ തന്നെ ലഭിക്കാറുണ്ട്. മറ്റ് ചേരുവകള്‍ നമ്മുടെ ഇഷ്ടാനുസരണം ചേര്‍ക്കുകയും ആവാം.എന്നാല്‍ ദില്ലിയിലെ പശ്ചിം വിഹാറിലുള്ള ഈ സ്ട്രീറ്റ് ഫുഡ് സ്റ്റാളില്‍ തയ്യാറാക്കുന്ന സ്പെഷ്യല്‍ മാഗിയിലേക്ക് പാചകം ചെയ്യുന്നയാള്‍ പല മസാലകളും മാറിമാറി ചേര്‍ക്കുന്നുണ്ട്. എല്ലാത്തിനും പുറമെ ആട്ടിറച്ചിയും ഇതിലേക്ക് ചേര്‍ക്കുകയാണ്.
മൊത്തത്തില്‍ മട്ടണിന്‍റെ ഫ്ളേവറിലുള്ള മാഗിയാണ് ഇദ്ദേഹം തയ്യാറാക്കുന്നത്. മട്ടണ്‍ കറി കഴിക്കുമ്പോഴുള്ള രുചി വരണമെന്നാണ് ഇദ്ദേഹം ലക്ഷ്യമിടുന്നത്. മട്ടണ്‍, നമുക്കറിയാം അല്‍പം വിലക്കൂടുതലുള്ള ഇറച്ചിയാണ്. അതുകൊണ്ട് തന്നെയാണ് ഈ മാഗി നൂഡില്‍സിന് വിലയും കൂടുന്നത്.