ഭോപ്പാൽ: മധ്യപ്രേദേശ് ഉജ്ജൈയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ ഹോളി പൂജയ്ക്കിടെ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് മാർച്ച് 30ന് നടക്കുന്ന രംഗപഞ്ചമി പൂജയ്ക്ക് പുറത്ത് നിന്നുള്ള നിറങ്ങൾ കൊണ്ടുവരാൻ ഭക്തരെ അനുവദിക്കില്ലെന്ന് ജില്ല ഭരണകൂടം അറിയിച്ചു.ഹോളിയ്‌ക്കൊപ്പം രംഗപഞ്ചമി ദിനത്തിൽ മഹാകാലേശ്വര ക്ഷേത്രത്തിൽ നിറങ്ങളുടെ ഉത്സവം ആഘോഷിക്കും. അന്ന് പൂക്കളിൽ നിന്നുള്ള ഔഷധ നിറങ്ങൾ ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന് ഉജ്ജയിൻ ജില്ല കലക്ടർ നീരജ് കുമാർ സിങ് പറഞ്ഞു. രംഗപഞ്ചമി ദിനത്തിൽ രാവിലെ നടക്കുന്ന ഭസ്മ ആരതിയിലും ഭക്തരുടെ എണ്ണത്തിൽ നിയന്ത്രണമുണ്ടാകുമെന്നും കലക്ടർ പറഞ്ഞു.ആചാരങ്ങളിലും ഹോളി സമയത്തും ഉപയോഗിക്കുന്ന കളർപൊടിയായ ഗുലാലിലെ രാസവസ്തുക്കൾ കാരണമാകാം ക്ഷേത്രത്തിൽ തീപിടുത്തമുണ്ടായതെന്ന് മന്ത്രി കൈലാഷ് വിജയവർഗിയ പറഞ്ഞു. അടുത്ത തവണ രാസവസ്തുക്കൾ കലർന്ന ഗുലാൽ ഉപയോഗിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തീപിടിത്തത്തിൽ പൊള്ളലേറ്റ നാലുപേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ശ്രീ അരബിന്ദോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സ്ഥാപക പ്രസിഡന്റ് ഡോ. വിനോദ് ഭണ്ഡാരി പറഞ്ഞു. പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഭസ്മ ആരതി ചടങ്ങിനിടെ തിങ്കളാഴ്ച പുലർച്ചെയായിരുന്നു മഹാകാലേശ്വര ക്ഷേത്രത്തിൽ തീപിടുത്തമുണ്ടായത്. സംഭവത്തിൽ 14 പേർക്ക് പൊള്ളലേറ്റിരുന്നു. ഭസ്മ ആരതിക്കിടെ കര്‍പ്പൂരം അടങ്ങിയ ധാലിയില്‍ ഹോളി ആഘോഷങ്ങള്‍ക്കായി കരുതിവെച്ച നിറങ്ങള്‍ വീണ് കത്തുകയും സമീപത്തെ പന്തലിലേക്ക് വ്യാപിക്കുകയുമായിരുന്നു.