പൽഘർ: യുവതിയെ ബലാത്സംഗം ചെയ്യുകയും ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഒമ്പതു വർഷത്തിനു ശേഷം പ്രതിയെ പിടികൂടി പൊലീസ്. മഹാരാഷ്ട്രയിലെ പൽഘാർ ജില്ലയിലാണ് സംഭവം.
സുൽത്താൻ എന്ന രാജ നൂർമുഹമ്മദ് ശൈഖ് ആണ് പിടിയിലായത്. ഇയാൾ 2013 ഫെബ്രുവരിയിൽ 19 കാരിയെ മയക്കു മരുന്ന് നൽകി പലതവണ ബലാത്സംഗം ചെയ്യുകയായിരുന്നു.
പെൺകുട്ടി ഗർഭിണിയായപ്പോൾ വിവരം പുറത്തു പറഞ്ഞാൽ നഗ്ന വിഡിയോ പുറത്തുവിടുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. മാത്രമല്ല, പെൺകുട്ടിയെ മർദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. 2013 ഏപ്രിൽ 22 ന് പെൺകുട്ടി സ്വയം തീകൊളുത്തി മരിക്കുകയായിരുന്നു.
തുടർന്ന് പൽഘറിലെ നല്ലസോപര പൊലീസ് ബലാത്സംഗം, ഭീഷണി, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തി പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ ശനിയാഴ്ച നല്ലസോപര മേഖലയിൽ നിന്നാണ് പിടികൂടിയത്.
അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ താൻ ഉത്തർപ്രദേശിലേക്കും പശ്ചിമബംഗാളിലേക്കും പോയിരുന്നതായി ചോദ്യം ചെയ്യലിൽ പ്രതി പൊലീസിനോട് പറഞ്ഞു.
			











                