ന്യു ഡൽഹി: 2020ൽ രാജ്യത്ത് കോവിഡ് മരണത്തിൽ ഒന്നാമത് മഹാരാഷ്ട്ര. ഉത്തർപ്രദേശ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ.17.7 ശതമാനമാണ് മഹാരാഷ്ട്രയിലെ മരണനിരക്ക്. മണിപ്പൂരിൽ 15.7, ഉത്തർപ്രദേശ് 15, ഹിമാചൽ പ്രദേശ് 13.5, ഉത്തരാഖണ്ഡ് 12.8, ആന്ത്ര 12, പഞ്ചാബ് 11.9, ഡൽഹി 10.8 എന്നിങ്ങനെയാണ് ശതമാനക്കണക്ക്. 2020 ൽ 1.6 ലക്ഷം കോവിഡ് മരണങ്ങൾ രാജ്യത്ത് സ്ഥിരീകരിച്ചിരുന്നു. ഇതിൽ 1,14,217 പുരുഷന്മാരും 46,401 സ്ത്രീകളുമാണ്.
മരണകാരണം വ്യക്തമാക്കുന്ന 2020ലെ റിപ്പോർട്ടുകൾ പ്രകാരം 70നും അതിനുമുകളിലും പ്രായമുള്ളവരാണ് കോവിഡ് കാരണം മരണപ്പെട്ടതിൽ അധികവും. 29.4 ശതമാനമാണിത്. മറ്റ് അസുഖങ്ങൾ കൂടി ഉള്ളതും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. 55നും 64നും ഇടയിൽ പ്രായമുള്ളവരിൽ 23.9 ശതമാനമാണ് മരണനിരക്ക്.
കോവിഡിനു ശേഷം ഇന്ത്യയിൽ ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയ മരണങ്ങളിൽ 8.9 ശതമാനവും കോവിഡ് മൂലമാണ്. വ്യാഴാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 5,24,525 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പല കോവിഡ് കേസുകളും മൂടിവെക്കുന്നുവെന്നത് മരണനിരക്ക് വ്യക്തമാക്കുന്നതിനെ ബാധിക്കുന്നുവെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പറയുന്നു.