മുംബൈ : മഹാരാഷ്ട്ര സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ഹർജികള്‍ പരിഗണിക്കാന്‍ ഭരണഘടന ബെഞ്ച് രൂപികരിക്കുമെന്ന് സുപ്രീംകോടതി. ബെഞ്ച് രൂപികരിക്കാന്‍ സമയമെടുക്കുമെന്നും ഹർജികള്‍ ഉടന്‍ പരിഗണിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അതേസമയം കോടതി വിധി വരുന്നത് വരെ അയോഗ്യത വിഷയത്തില്‍ തീരുമാനമെടുക്കരുതെന്ന് സുപ്രീംകോടതി സ്പീക്കറോട് നിര്‍ദേശിച്ചു.
ഉദ്ദവ് താക്കറെയോടൊപ്പമുള്ള എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നടപടി ക്രമങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യത്തിനിടെയാണ് ചീഫ് ജസ്റ്റിസിന്‍റെ നിര്‍ദേശം. ഹർജികളില്‍ കോടതി വിധി വരുന്നത് വരെ അയോഗ്യത വിഷയത്തില്‍ നടപടി ഉണ്ടാകരുതന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ഇക്കാര്യം പുതുതായി തെരഞ്ഞെടുക്കപ്പെട്ട സ്പീക്കർ രാഹുല്‍ നർവേക്കറിനെ അറിയാക്കാന്‍ ഗവർണറിനായി ഹാജരായ സോളിസിറ്റർ ജനറലിനെ കോടതി ചുമതലപ്പെടുത്തി. നിലവില്‍ ഉദ്ദവ് പക്ഷത്തുള്ള എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യവുമായി ഷിന്‍ഡേയും വിമതരെ പുറത്താക്കണമെന്ന് ആവശ്യവുമായി താക്കറെ പക്ഷവും രംഗത്തുണ്ട്. സർക്കാർ രൂപികരണവുമായി ബന്ധപ്പെട്ട വിവിധ ഹർജികള്‍ ഇന്ന് പരിഗണിക്കാനായി നേരത്തെ മാറ്റിവെച്ചിരുന്നെങ്കിലും ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നില്ല.
ഈ സാഹചര്യത്തില്‍ ഉദ്ദവ് താക്കറെ പക്ഷത്തിനായി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ ചീഫ് ജസ്റ്റിസിന് മുന്‍പാകെ ഹർജികള്‍ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ ഹർജികള്‍ അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വിഷയം ഭരണഘടന ബെഞ്ചാണ് പരിഗണിക്കുകയെന്നും അതിന് സമയമെടുക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഷിൻഡെയെ സർക്കാര്‍ രൂപികരിക്കാന്‍ ക്ഷണിച്ച നടപടിക്കെതിരായ ഹർജികളും ഇപ്പോള്‍ കോടതി പരിഗണനയിലുണ്ട്. അതേസമയം എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള അവകാശം സ്പീക്കര്‍ക്കാണെന്ന് മഹാരാഷ്ട്ര നിയമസഭ സെക്രട്ടറി സുപ്രീകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.