മുംബൈ: ജമ്മു കശ്മീരില്‍ സ്ഥലം വാങ്ങുന്ന ആദ്യ സംസ്ഥാനമാകാനൊരുങ്ങി മഹാരാഷ്ട്ര. മഹാരാഷ്ട്ര സര്‍ക്കാരിന്റെ ‘മഹാരാഷ്ട്ര ഭവന്‍’ നിര്‍മ്മിക്കാന്‍ വേണ്ടിയാണ് കശ്മീരില്‍ രണ്ടര ഏക്കര്‍ സ്ഥലം വാങ്ങാനൊരുങ്ങുന്നത്. ശ്രീനഗര്‍ വിമാനത്താവളത്തിന്റെ സമീപത്തെ ബുദ്ഗാമിലെ ഇച്ച്ഗാമില്‍ ആണ് 8.16 കോടി രൂപ മുടക്കി മഹാരാഷ്ട്ര സ്ഥലം വാങ്ങുന്നത്. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗം ഇതിനുള്ള അനുമതി നല്‍കി.
കശ്മീര്‍ സന്ദര്‍ശിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും സൗകര്യമൊരുക്കാന്‍ വേണ്ടിയാണ് തീരുമാനമെന്നും സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂണില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ജമ്മു കശ്മീര്‍ സന്ദര്‍ശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയെ കണ്ടതിനെ പിന്നാലെയാണ്, പ്രദേശത്ത് സ്ഥലം വാങ്ങുന്നതിനും മഹാരാഷ്ട്ര ഭവന്‍ നിര്‍മിക്കുന്നതിനുമുള്ള നടപടികള്‍ ആരംഭിച്ചത്.
സംസ്ഥാനത്തെ വിനോദസഞ്ചാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മിതമായ നിരക്കില്‍ മികച്ചതും സുരക്ഷിതവുമായ താമസ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ശ്രീനഗറിലും അയോധ്യയിലും മഹാരാഷ്ട്ര ഭവനുകള്‍ നിര്‍മ്മിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ നേരത്തെ പറഞ്ഞിരുന്നു. രണ്ട് സ്ഥലങ്ങളിലായും ഗസ്റ്റ് ഹൗസുകള്‍ നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 77 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും പവാര്‍ പറഞ്ഞിരുന്നു.
2019 ഓഗസ്റ്റില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന് മുന്‍പ്, സ്ഥിര താമസക്കാര്‍ക്ക് മാത്രമായിരുന്നു പ്രദേശത്ത് ഭൂമി വാങ്ങാന്‍ അനുമതി ഉണ്ടായിരുന്നത്.