മുംബൈ: മഹാരാഷ്ട്രയിലെ ബി ജെ പി നേതാവായ കിരിത് സോമയ്യ നഗ്നത പ്രദർശന വിവാദത്തിൽപ്പെട്ടു. ഒരു സ്ത്രീയുമായുള്ള വീഡിയോ കോളിൽ നഗ്നതാപ്രദർശനം നടത്തുന്ന കിരിത് സോമയ്യയുടെ വീഡിയോ ആണ് പ്രചരിക്കുന്നത്. ഒരു ടി വി ചാനലാണ് വീഡിയോ ബി ജെ പി നേതാവിൻ്റെ നഗ്നതാപ്രദർശന വീഡിയോ പുറത്ത് വിട്ടത്. നഗ്നതാ പ്രദർശനത്തിനൊപ്പം അശ്ലീല സംഭാഷണവും സോമയ്യ നടത്തുന്നത് വീഡിയോയിൽ വ്യക്തമാണ്. ഇനിയും 35ഓളം ക്ലിപ്പുകൾ കയ്യിലുണ്ടെന്ന് ചാനൽ അവകാശപ്പെട്ടു.
വീഡിയോ പുറത്ത് വന്നതോടെ പ്രതിപക്ഷം കിരിത് സോമയ്യക്കെതിരെ രംഗത്തെത്തി. കോൺഗ്രസ് നേതാക്കളും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന നേതാക്കളും സോമയ്യയ്ക്കും ബി ജെ പി സഖ്യ സർക്കാരിനുമെതിരെ കടുത്ത വിമർശനങ്ങളാണ് ഉന്നയിക്കുന്നത്. സ്ത്രീ സുരക്ഷയെക്കുറിച്ച് ബി ജെ പി നേതാക്കൾക്ക് ഇനി എന്താണ് പറയാനുള്ളതെന്ന് കോൺഗ്രസ് നേതാവ് വർഷ ഗെയ്ഗ്വാദ് ചോദിച്ചു. ബി ജെ പി നേതാക്കളുടെ യഥാർത്ഥ മുഖമാണ് ഇത്തരം സംഭവങ്ങളിലൂടെ പുറത്തുവരുന്നതെന്നും പ്രതിപക്ഷ നേതാക്കൾ അഭിപ്രായപ്പെട്ടു.
ഭരണസഖ്യത്തിന്റെ സ്വഭാവവും യഥാർത്ഥ മുഖവും ആണ് വീഡിയോയിലൂടെ അനാവരണം ചെയ്യപ്പെട്ടതെന്നാണ് കോൺഗ്രസ് എം എൽ എ യശോമതി താക്കൂർ അഭിപ്രായപ്പെട്ടത്. .കിരിത് സോമയ്യ നിരവധി എം എൽ എമാരെയും എം പിമാരെയും ബ്ലാക്ക് മെയിൽ ചെയ്തിട്ടുണ്ടെന്നും അതിനുള്ള തിരിച്ചടിയാണ് ഈ വീഡിയോ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നഗ്നതാ പ്രദർശനത്തിൽ നടപടി വേണമെന്നും കോൺഗ്രസ് എം എൽ എ യശോമതി താക്കൂർ ആവശ്യപ്പെട്ടു.
എന്നാൽ താൻ നിരപരാധിയാണെന്നും സംഭവത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കിരിത് സോമയ്യ ആഭ്യന്തര മന്ത്രിയും ബി ജെ പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിന് കത്ത് നൽകി.വീഡിയോയുടെ ആധികാരികതയെ ചോദ്യം ചെയ്യ്ത സോമയ്യ, വിശദമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.