ദില്ലി: ഇന്ന് പുറത്തിറക്കിയ ഡിജിറ്റൽ കറൻസിയിൽ മഹാത്മാഗാന്ധിയുടെ ചിത്രമൊഴിവാക്കിയ നടപടിയെ പരിഹസിച്ച് പ്രപൗത്രൻ തുഷാർ ഗാന്ധി. ‘പുതിയതായി പുറത്തിറക്കിയ ഡിജിറ്റൽ കറൻസിയിൽ ബാപ്പുവിന്റെ ചിത്രം ഒഴിവാക്കിയതിൽ റിസർവ് ബാങ്കിനും കേന്ദ്രസർക്കാറിനും നന്ദി. കറൻസി നോട്ടുകളിൽ കൂടി അദ്ദേഹത്തിന്റെ ചിത്രം ഒഴിവാക്കി തന്നാൽ ഉപകാരമായിരുന്നു’- തുഷാർ ഗാന്ധി ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ ഡിജിറ്റൽ കറൻസിയായ CBDC (e₹-R) ഡിസംബർ ആദ്യം ആർബിഐ പുറത്തിറക്കിയിരുന്നു.
പുതുതായി അവതരിപ്പിച്ച ഇ-നോട്ടിൽ മഹാത്മാഗാന്ധിയുടെ ചിത്രം ഉണ്ടായിരുന്നില്ല. മഹാത്മാഗാന്ധിയുടെ ഫോട്ടോയ്‌ക്കൊപ്പം പുതിയ കറൻസി നോട്ടുകളിൽ ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ അച്ചടിക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർഥിച്ചത് ഒക്ടോബറിൽ വിവാദമായിരുന്നു.
മുംബൈ,ദില്ലി, ബെംഗലൂരു, ഭുവനേശ്വര്‍ എന്നീ 4 നഗരങ്ങളില്‍ മാത്രമാകും ഈ ഘട്ടത്തിൽ ഇ റുപ്പി ലഭ്യമാകുക. ഇടപാടുകാരും വില്‍പ്പനക്കാരുമുള്ള നിയന്ത്രിത ഗ്രൂപ്പുകളിലും ഇ റുപ്പി പരീക്ഷിക്കും. ആദ്യ ഘട്ടത്തില്‍ എസ്ബിഐ അടക്കമുളള നാല് ബാങ്കുകളെയും ആർ ബിഐ സഹകരിക്കാനായി തെരഞ്ഞെടുത്തിട്ടുണ്ട്. നിലവിൽ പ്രാബല്യത്തിലുള്ള കറൻസിയുടെയും നാണയത്തിന്റെയും മൂല്യമുള്ള ടോക്കണുകളായി ആകും ഇ റുപ്പി പുറത്തിറക്കുക. ഡിജിറ്റല്‍ വാലറ്റിൽ മൊബൈല്‍ ഉപയോഗിച്ച് ആളുകള്‍ക്ക് ഇടപാടുകള്‍ നടത്താനാകും
ബിറ്റ്കോയിൻ ഉള്‍പ്പെടെയുള്ള ക്രിപ്റ്റോകറന്‍സിയുടെ വിപ്ലവകരമായ മുന്നേറ്റമാണ് ഇ റുപ്പിയുടെ പ്രഖ്യാപനത്തിന് വഴിവെച്ചത്. എന്നാല്‍ ക്രിപ്റ്റോകറൻസിയുടെ വികേന്ദ്രീകൃത സ്വഭാവമോ ബ്ലോക്ക് ചെയിൻ സാങ്കേതികതയോ രഹസ്യാത്മക പ്രവര്‍ത്തനമോ അല്ല ഇ റുപ്പിയിലേത്. അച്ചടിച്ച നോട്ടുകള്‍ക്ക് പകരം നിയമസാധുതയുള്ള ഡിജിറ്റല്‍ കറന്‍സിയാണ് ഇ റുപ്പി എന്ന് ഒറ്റവാക്കില്‍ പറയാം.
പൊതുവേ ഡിജിറ്റല്‍ കറന്‍സി എന്നു പറയുമ്പോഴും ഇവിടെ ഇ റുപ്പിക്ക് ഒരു വ്യത്യാസമുണ്ട്. അത് ഇ റുപ്പിയുടെ ഉത്തരാവാദിത്തം ബാങ്കുകള്‍ക്കല്ല നേരിട്ട് റിസർവ്ബാങ്കിനാണ് ആണ് എന്നതാണ്. ഇന്ന് മുതൽ ഇ റുപ്പി സാധാരണ ഇടപാടുകാർക്കായി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുകയാണ്. ഘട്ടം ഘട്ടമായി പരീക്ഷിച്ച് മാത്രമേ ഇ റുപ്പി പൂര്‍ണതോതില്‍ നടപ്പാക്കൂ എന്നാണ് ആർബിഐ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത ഘട്ടത്തില്‍ കൊച്ചി ഉള്‍പ്പെടെയുള്ള 9 നഗരങ്ങളില്‍ ഇ റുപ്പി കൊണ്ടു വരും.