മുംബൈ: മഹാരാഷ്ട്രയിൽ സമാജ്‍വാദി പാര്‍ട്ടി കൂടുതൽ സീറ്റ് ചോദിച്ചതോടെ വഴിമുട്ടി നിൽക്കുകയാണ് മഹാവികാസ് അഘാഡിയിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍. അഞ്ച് സീറ്റെങ്കിലും കിട്ടിയില്ലെങ്കിൽ 25 ഇടത്ത് ഒറ്റയ്ക്ക് മത്സരിക്കുമെന്ന നിലപാടിലാണ് സമാജ് വാദി പാർട്ടി. ഇതിനിടെ രണ്ടാം ഘട്ടമായി കോൺഗ്രസ് 23 സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ചിട്ടുമുണ്ട്. സമാജ് വാദി പാര്‍ട്ടിക്ക് നിലവില്‍ രണ്ട് എംഎല്‍എമാരാണുള്ളത്. 12 സീറ്റുകള്‍ വേണമെന്നായിരുന്നു ആവശ്യം.
മൂന്നു സീറ്റുകള്‍ തരാമെന്ന് മുന്നണിയില്‍ ധാരണയായി. എന്നാല്‍ അഞ്ചു സീറ്റെങ്കിലും നല്‍കിയില്ലെങ്കില്‍ 25 ഇടത്ത് ഒറ്റക്ക് മല്‍സരിക്കുമെന്നാണ് ഇവരുടെ വെല്ലുവിളി. അങ്ങനെ മല്‍സരിച്ചാല്‍ മഹാവികാസ് അഘാഡിയുടെ വിജയത്തെ ബാധിക്കാനിടയുണ്ട്. അതുകൊണ്ടുതന്നെ ശരത് പവാറിന്‍റെ നേതൃത്വത്തിലുള്ള സമവായ ചർച്ചകള്‍ക്ക് ശേഷം മതി ഇനി അഘാഡി യോഗം എന്നാണ് തീരുമാനം. സിപിഎമ്മിനും പെസന്‍റ്സ് ആൻഡ് വർക്കേഴ്സ് പാർട്ടിക്കും എസ്പിക്കുമായി പരമാവധി പത്ത് സീറ്റ് മാത്രമേ നൽകൂ എന്ന നിലപാടിലാണ് മഹാവികാസ് അഘാഡി നേതാക്കൾ.
കൂടുതൽ സീറ്റുവേണമെന്ന ശിവസേന ഉദ്ധവ് പക്ഷത്തിന്‍റെ സമ്മർദവും തലവേദനയാണ്. മുന്നണിയുടെ 33 സീറ്റുകളിലാണ് ഇപ്പോഴും തര്‍ക്കമുള്ളത്. ഉദ്ധവ് വിഭാഗത്തിന് കൂടുതല്‍ സീറ്റു നല്‍കുന്നതില്‍ രാഹുൽ ഗാന്ധിക്ക് അതൃപ്തിയുണ്ടെന്ന് ചില സംസ്ഥാന കോൺഗ്രസ് നേതാക്കള്‍ പറയുന്നുണ്ട്. അത് നീരീക്ഷകനായ രമേശ് ചെന്നിത്തല നിക്ഷേധിച്ചു.
കോൺഗ്രസ് 23 പേരുടെ പട്ടിക കൂടി പുറത്തുവിട്ടതോടെ മോത്തം 71 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി. മൂന്നാം ഘട്ട പട്ടികയും ഉടനുണ്ടാകാം. ഇന്നു പുറത്തുവിട്ട പട്ടികയില്‍ വിമതസ്വരം ഉയർത്തിയ നേതാക്കളെ പരിഗണിച്ചിട്ടുണ്ട്. നാഗ്പുരിലെ സാവ്നേറിൽ മുൻമന്ത്രി സുനിൽ കേദാറിന്‍റെ ഭാര്യ അനുജ കേദാര്‍ സ്വതന്ത്ര സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. സീറ്റുനല്‍കി കോണ‍്ഗ്രസ് ഈ പ്രശ്നം പരിഹരിച്ചിട്ടുണ്ട്.