ന്യൂഡൽഹി ∙ ജാമ്യത്തിൽ ഇളവു ലഭിച്ചതിനു പിന്നാലെ കേരളത്തിലേക്കു പോകാനൊരുങ്ങുന്ന പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ സുരക്ഷയ്ക്കുള്ള ചെലവുതുക വെട്ടിക്കുറയ്ക്കാനാവില്ലെന്നു കർണാടക പൊലീസ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. ജൂലൈ 8 വരെയുള്ള സുരക്ഷാ കാര്യങ്ങൾക്ക് 54.63 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെതിരെ മഅദനി നൽകിയ അപേക്ഷയിലാണു ബെംഗളൂരു തീവ്രവാദ വിരുദ്ധ സെൽ എതിർ സത്യവാങ്മൂലം നൽകിയത്.
മഅദനിക്കുള്ള സുരക്ഷാഭീഷണി, റിസ്ക് അസസ്മെന്റ് എന്നിവയുടെ അടിസ്ഥാനത്തിലാണു സുരക്ഷാ ഉദ്യോഗസ്ഥരെ തീരുമാനിച്ചിട്ടുള്ളതെന്നു സത്യവാങ്മൂലത്തിലുണ്ട്. ഇതേക്കുറിച്ചു റിപ്പോർട്ട് തയാറാക്കാൻ ക്രൈം ഡിസിപി യതീഷ് ചന്ദ്ര അധ്യക്ഷനായ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. അവർ കേരളത്തിലെ വിവിധ സ്ഥലങ്ങളിലെത്തി പരിശോധിച്ചു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു തുക തീരുമാനിച്ചത്. കോടതി ഉത്തരവ് അനുസരിക്കാതിരുന്നിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.
ജാമ്യ ഇളവു നൽകിയ തങ്ങളുടെ ഉത്തരവു മറികടക്കാനാണോ ഈ രീതിയെന്നു നേരത്തെ മഅദനിയുടെ അപേക്ഷ പരിഗണിക്കുമ്പോൾ കോടതി ചോദിച്ചിരുന്നു.
മഅദനിക്കുള്ള സുരക്ഷയ്ക്ക്, 54.63 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നാണു കർണാടക പൊലീസ് ആവശ്യപ്പെടുന്നത്. പ്രതിമാസം 20.23 ലക്ഷം രൂപയാണ് ചെലവെന്നും വ്യക്തമാക്കിയിരുന്നു. യാത്ര പ്രതിസന്ധിയിലാക്കുന്നതാണു നടപടിയെന്നും കേരളത്തിൽ തങ്ങുന്ന ദിവസങ്ങളിൽ പ്രാദേശിക പൊലീസിന്റെ സുരക്ഷ ഏർപ്പെടുത്തണമെന്നും മഅദനിയുടെ അഭിഭാഷകനായ ഹാരിസ് ബീരാൻ കോടതിയെ അറിയിച്ചിരുന്നു.