കാഴ്ചപ്പാടുകൾ മാറിത്തുടങ്ങി. സാമ്പത്തിക സ്വാതന്ത്ര്യത്തിന് ജീവിതത്തിൽ ഏറെ പ്രാധാന്യമുണ്ടെന്ന് ഇന്നത്തെ സ്ത്രീകൾക്ക് വ്യക്തമായിട്ടറിയാം. എന്നാൽ ജോലിയും വരുമാനവുമുണ്ടെങ്കിലും, വീടും വീട്ടുകാരെയും നോക്കുന്നതിനിടയിൽ മിക്ക സ്ത്രീകളും നിക്ഷേപങ്ങൾ തുടങ്ങണമെന്ന ചിന്തിച്ചിട്ടുപോലുമുണ്ടാകില്ല. സുരക്ഷിതമായ ഭാവിക്കായി നിക്ഷേപങ്ങൾ അനിവാര്യം തന്നെയാണ്. റിസ്‌കില്ലാത്ത, നിക്ഷേപിക്കുന്ന പണത്തിന് സുരക്ഷിതത്വമുള്ള, മാന്യമായ റിട്ടേൺ ഉള്ള നിക്ഷേപപദ്ധതികളാണ് നിങ്ങൾ തിരയുന്നതെങ്കിൽ , കേന്ദ്രസർക്കാരിന്റെ മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് നല്ലൊരു ഓപ്ഷനാണ്. പ്രമുഖ ബാങ്കുകളിലെ ഫിക്‌സഡ് ഡെപ്പോസിറ്റ് പ്ലാനുകളും,, പോസ്്റ്റ് ഓഫീസ് സ്‌കീമുകളും നൽകുന്നതിനേക്കാൾ മികച്ച പലിശനിരക്കാണ് എംഎസ്എസ് സി വാഗ്ദാനം ചെയ്യുന്നത്. 6.8 ശതമാനമാണ് പോസ്റ്റ് ഓഫീസ് 2 വർഷത്തെ കാലാവധിക്കായി വാഗ്ദാനം ചെയ്യുന്ന ഫിക്‌സഡ് ഡിപ്പോസിറ്റ് പലിശ.
എന്താണ് മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്?
കേന്ദ്രബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ച പുതിയ ലഘു സമ്പാദ്യ പദ്ധതിയാണ് മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്. ഒറ്റത്തവണ നിക്ഷേപപദ്ധതിയാണിത്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും പേരിൽ 2 വർഷത്തേക്ക് 2 ലക്ഷം രൂപയാണ് മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് പദ്ധതിയിൽ നിക്ഷേപിക്കാൻ കഴിയുക. 2 വർഷത്തേക്ക് 7.50 ശതമാനം സ്ഥിര പലിശ നിരക്കാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്നത്. നിലവിൽ ഈ പദ്ധതിയിൽ നിന്നുമുള്ള റിട്ടേൺ ബാങ്ക് എഫ്ഡികളിൽ നിന്നു ലഭിക്കുന്നതിനേക്കാൾ കൂടുതലാണ്. നിക്ഷേപ തുക ഭാഗികമായി പിൻവലിച്ചാലും അത് നിക്ഷേപകരെ ബാധിക്കില്ല.
2023 ഏപ്രിൽ 1 മുതൽ പദ്ധതി പ്രാബല്യത്തിൽ വരും. 2025 മാർച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി. 2 ലക്ഷം രൂപയാണ് പദ്ധതിയിൽ നിക്ഷേപിക്കാവുന്ന പരമാവധി തുക. അതായത് 2 വർഷത്തേക്ക് സ്ത്രീകളുടെയോ പെൺകുട്ടികളുടെയോ പേരിൽ 2 ലക്ഷം രൂപ വരെ നിക്ഷേപിക്കാമെന്ന് ചുരുക്കം. 10 വയസ്സ് മുതൽ പദ്ധതിയിൽ അംഗമാകാം. ചെറുകിട സമ്പാദ്യ പദ്ധതികൾ പൊതുവെ സെക്ഷൻ 80 സി പ്രകാരം നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്നവയാണ്. എന്നാൽ പുതിയ പദ്ധതിയുടെ നികുതി ഘടന സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
പദ്ധതി കൊണ്ടുള്ള നേട്ടങ്ങൾ
രണ്ട് വർഷത്തേക്ക് സ്‌കീമിന് കീഴിൽ നിങ്ങൾ 2,00,000 രൂപ നിക്ഷേപിക്കുന്നുവെന്ന് കരുതുക; നിങ്ങൾക്ക് പ്രതിവർഷം 7.50 ശതമാനം പലിശ ലഭിക്കും. അതായത് ആദ്യ വർഷം, നിങ്ങൾക്ക് നിക്ഷേപ തുകയിൽ 15,000 രൂപയും രണ്ടാം വർഷം 16,125 രൂപയും ലഭിക്കും. രണ്ട് വർഷം പൂർത്തിയാകുമ്പോൾ, നിങ്ങൾക്ക് 2,31,125 രൂപ ലഭിക്കും