കൊളംബോ : ജനരോഷത്തെ തുടർന്ന് ട്രിങ്കോമാലിയിലെ നാവികതാവളത്തിൽ അഭയം തേടിയ ശ്രീലങ്കയുടെ മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ ഒടുവിൽ പാർലമെന്റിൽ പ്രത്യക്ഷപ്പെട്ടു. മകനും മുൻ മന്ത്രിയുമായ നമലും ഇടവേളയ്ക്കു ശേഷം പാർലമെന്റിലെത്തി. രാജിക്കു ശേഷം പൊതുവേദിയിൽ ആദ്യമായാണ് മഹിന്ദയെത്തുന്നത്.
അതേസമയം, രാജ്യത്ത് പെട്രോൾ ക്ഷാമം രൂക്ഷമാണെന്നും ജനങ്ങൾ ഇന്നും നാളെയും പമ്പുകളിൽ ക്യൂ നിൽക്കേണ്ടെന്നും ഊർജമന്ത്രി കാഞ്ചന വിജെശേഖര വ്യക്തമാക്കി. ഡീസൽ ആവശ്യത്തിനുണ്ടെന്നും പെട്രോൾ പ്രതിസന്ധി പരിഹരിക്കാൻ കുറച്ചുദിവസം കൂടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ മാർച്ച് 28 മുതൽ പെട്രോളുമായി കപ്പൽ തുറമുഖത്തുണ്ടെങ്കിലും ഡോളറിൽ പണം നൽകാൻ കഴിയാത്തതുകൊണ്ട് ഇറക്കുമതി സാധ്യമായില്ലെന്ന് മന്ത്രി നിസ്സഹായത പ്രകടിപ്പിച്ചു. ഇതേ കമ്പനിക്ക് മുൻപ് പെട്രോൾ വാങ്ങിയ വകയിൽ പണം നൽകാനുമുണ്ട്. മുൻപ് നൽകാനുള്ള പണം നൽകാൻ സെൻട്രൽ ബാങ്ക് ശ്രമിക്കുന്നുണ്ടെന്നും അതിനു ശേഷം പെട്രോൾ ലഭ്യമാകുമെന്നുമാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
ഒരു മാസം 50 കോടി ഡോളറിന്റെ ഇന്ധനമാണ് ശ്രീലങ്ക ഇറക്കുമതി ചെയ്യുന്നത്. രൂപയുടെ മൂല്യം കുറഞ്ഞത് പ്രതിസന്ധിയുടെ ആക്കം കൂട്ടി. ലോകബാങ്കിന്റെ 16 കോടി ഡോളറിന്റെ സഹായം ശ്രീലങ്കയ്ക്കു ലഭിച്ചതായി പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പാർലമെന്റിൽ അറിയിച്ചു. ഏഷ്യൻ വികസന ബാങ്കിൽ നിന്നുള്ള സഹായവും പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം, ആഭ്യന്തര യുദ്ധം അവസാനിച്ച 2009 മേയ് 18 നു ശേഷം ഇതാദ്യമായി സിംഹളരും കൊല്ലപ്പെട്ട തമിഴ് ജനതയ്ക്ക് ആദരാഞ്ജലിയർപ്പിച്ചു. എൽടിടിഇയിൽ നിന്ന് രാജ്യത്തെ മോചിപ്പിച്ചതിന്റെ വിജയദിനമായാണ് സേന മേയ് 18 ആചരിക്കുന്നത്. ഇത്തവണ ഗോൾഫേസിലെ സർക്കാർ വിരുദ്ധപ്രക്ഷോഭകർ യുദ്ധത്തിൽ മരിച്ച എല്ലാവർക്കും ആദരാഞ്ജലിയർപ്പിച്ചുവെന്നത് ശ്രദ്ധേയമായി. സമരരംഗത്തുള്ളവരിൽ ഭൂരിപക്ഷവും സിംഹളരാണ്.