ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ മോദി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. മോദി സ്വന്തം പണം കൊണ്ട് നിർമിച്ച വീടിന്റെ ഗൃഹപ്രവേശനമല്ല നടക്കുന്നതെന്നായിരുന്നു മഹുവയുടെ ട്വീറ്റ്. ”മുൻഗണനാക്രമത്തിൽ രാഷ്ട്രപതിയാണ് ഒന്നാം സ്ഥാനത്ത്. ഉപരാഷ്ട്രപതി രണ്ടാമനും പ്രധാനമന്ത്രി മൂന്നാമനുമാണ്. ഭരണഘടന പരമായ കാര്യങ്ങളെക്കുറിച്ച് സർക്കാരിന് അറിയില്ല. ഇത് മോദിജി സ്വന്തം പണം ഉപയോഗിച്ച് നിർമിച്ച വീടിന്റെ ഗൃഹപ്രവേശനമല്ല”- മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
തൃണമൂൽ കോൺഗ്രസ്, ജെ.ഡി.യു, എ.എ.പി, എൻ.സി.പി, ശിവസേന (ഉദ്ധവ് പക്ഷം), ജെ.ഡി.യു, സി.പി.എം തുടങ്ങിയ പാർട്ടികളാണ് ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചത്.
 
			

















 
                

