ദില്ലി : തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര സുപ്രീം കോടതിയിൽ. ലോക്സഭയിൽ നിന്നും അയോഗ്യയാക്കിയ പാർലമെൻ്റ് നടപടി ചോദ്യം ചെയ്താണ് മഹുവ സുപ്രീം കോടതിയിലെത്തിയത്. പുറത്താക്കാൻ പാർലമെന്റിന് അധികാരമില്ലെന്നും തന്റെ വാദം കേൾക്കാതെ നടപടിയെടുത്തത് ഭരണഘടന ലംഘനമാണെന്നുമാണ് മഹുവ ചൂണ്ടിക്കാട്ടുന്നത്.ചോദ്യം ചോദിക്കാൻ വ്യവസായിയില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തിന്മേലാണ്, മോദിക്കെതിരെ പാർലമെന്റിലെ ഉറച്ച ശബ്ദമായിരുന്ന മഹുവ മൊയ്ത്രയെ പുറത്താക്കിയത്. മഹുവ മൊയ്ത്ര കുറ്റക്കാരിയെന്ന എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് ശരിവെച്ചായിരുന്നു അസാധാരണ നടപടി. പണം വാങ്ങിയെന്നതിന് ഒരു തെളിവ് പോലും ഇല്ലാതെയാണ് തന്നെ പുറത്താക്കുന്നതെന്ന് മഹുവ മൊയത്ര അന്ന് തന്നെ പറഞ്ഞിരുന്നു.