അടിമാലി: പുരോഹിതന്‍ ചമഞ്ഞ് ഹോട്ടല്‍ വ്യവസായിയുടെ 35 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. തൊടുപുഴ അരിക്കുഴ ലഷ്മി ഭവനില്‍ അനില്‍ വി. കൈമളിനെയാണ് (38) പിടികൂടിയത്. ഇയാള്‍ തട്ടിയെടുത്ത പണത്തില്‍ നിന്ന് 4.88 ലക്ഷം രൂപ പിടിച്ചെടുത്തു. സംഘത്തില്‍ ഉള്‍പ്പെട്ട എട്ടു പേര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. തിരുവനന്തപുരത്തെ ഹോട്ടല്‍ വ്യവസായിയും തിരുവനന്തപുരം കരമന പ്രേം നഗറില്‍ കുന്നപ്പളളില്‍ ബോസിന്റെ പരാതിയിലാണ് അറസ്റ്റ്.
മൂന്നാര്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഭൂമിയും റിസോര്‍ട്ടുകളും ലാഭത്തില്‍ കിട്ടാനുണ്ടെന്നും സഭയുടെ കീഴിലെ സ്ഥാപനമായതിനാല്‍ ലാഭം കൂടുമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. പുരോഹിതനായി ബോസിനെ വിളിച്ചത് അറസ്റ്റിലായ അനിലാണ്. അനിലിന്റെ വാക്ക് വിശ്വസിച്ച് ബോസ് സ്വന്തം കാറില്‍ 35 ലക്ഷം രൂപയുമായി തിങ്കളാഴ്ച അടിമാലിയില്‍ എത്തി. ഫോണ്‍ ചെയ്തപ്പോള്‍ മൂന്നാറിലേക്ക് ആനച്ചാല്‍ വഴി വരാന്‍ ആവശ്യപ്പട്ടു. ആനച്ചാലില്‍ എത്തിയപ്പോള്‍ ചിത്തിരപുരം സ്‌ക്കൂളിന് സമീപത്തെ വെയ്റ്റിങ് ഷെഡില്‍ തന്റെ കപ്യാര്‍ നില്‍ക്കുന്നുണ്ടെന്നും പറഞ്ഞു. ഇതുപ്രകാരം വെയ്റ്റിങ് ഷെഡില്‍ എത്തി. കപ്യാരായി എത്തിയ അനില്‍ പണം കാണിക്കാന്‍ പറഞ്ഞു. ഉടന്‍ ബാഗ് തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.