അമ്പലപ്പുഴ: അമ്പലപ്പുഴ സ്പിരിറ്റ് കേസ്സിലെ മുഖ്യപ്രതി കോയമ്പത്തൂരില്‍ പിടിയിലായി. ചോളപ്പൊടി, പരുത്തിക്കുരു എന്നിവ കയറ്റിയ ലോറിയിൽ ഒളിപ്പിച്ച് സ്പിരിറ്റ് അമ്പലപ്പുഴയില്‍ എത്തിച്ച കേസിലെ പ്രതി തിരുവനന്തപുരം കാട്ടാക്കട വിളപ്പിൽ കീച്ചേത്ര വീട്ടിൽ അനില്‍കുമാര്‍ (49) ആണ് പിടിയിലായത്. ഈ കേസിലെ മറ്റ് നാല് പ്രതികള്‍ മുന്‍പ് പിടിയിലായിരുന്നു. 2021 ഡിസംബറിലായിരുന്നു സംഭവം.
കോയമ്പത്തൂരിലെ അനിലിന്റെ ഫാം ഹൗസ് കണ്ടെത്തിയതാണ് പ്രതിയെ പിടിക്കാന്‍ സഹായകരമായത്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ അനിലിനെ വഴിയിൽ തടഞ്ഞ് അതി സാഹസികമായി പിടികൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നു. അനിലിന്റെ ചിന്നത്തൊട്ടി പാളയത്തുള്ള വ്യാജമദ്യ നിർമ്മാണ കേന്ദ്രത്തിൽ ആയിരക്കണക്കിന് കുപ്പി വ്യാജമദ്യവും സ്പിരിറ്റുമുള്ളതായി പൊലീസ് സംഘം കണ്ടെത്തി. ഇത് സംബന്ധിച്ച് വിവരം കോയമ്പത്തൂർ പൊലീസിന് കൈമാറിയതായി കേരള പൊലീസ് വ്യക്തമാക്കി.
അനിലിന്റ കൂട്ടാളികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും സൂചനയുണ്ട്. 2006 മുതൽ കർണ്ണാടകയിലും തമിഴ്‌നാട്ടിലും നിരവധി വാഹനമോഷണ കേസ്സുകളിലും സ്പിരിറ്റ് കേസ്സുകളിലും അനിൽ പിടികിട്ടാപ്പുള്ളിയാണ്. അമ്പലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തും.