ന്യൂഡൽഹി: കോമ്പറ്റീഷൻ കമീഷൻ പിഴ ചുമത്തിയ സംഭവത്തിൽ പ്രതികരണവുമായി ഗൂഗ്ൾ. ഇന്ത്യൻ ഉപഭോക്താക്കൾക്കും വ്യവസായത്തിനും തീരുമാനം കനത്ത തിരിച്ചടിയാണെന്ന് ഗൂഗ്ൾ പ്രതികരിച്ചു. കൂടുതൽ പരിശോധിച്ചതിന് ശേഷം ഇതുസംബന്ധിച്ച തുടർ നടപടികൾ സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.
അമേരിക്കൻ ടെക് ഭീമനായ ഗൂഗിളിന് 1,337.76 കോടി രൂപ പിഴയാണ് കോമ്പറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യ (സി.സി.ഐ) ചുമത്തിയത്. വാണിജ്യ താൽപര്യം മുൻനിർത്തി ആൻഡ്രോയിഡ് ലോകത്ത് ആധിപത്യം ദുരുപയോഗം ചെയ്തതിനാണ് ഗൂഗിളിന് ഭീമൻ തുക പിഴയിട്ടിരിക്കുന്നത്.
ആൻഡ്രോയ്ഡ് അധിഷ്ഠിതമായ മൊബൈലുകളിൽ ഗൂഗിൾ ആപ്പുകൾക്ക് സമാനമായ ആപ്പുകളുടെ പ്രവർത്തനം പരിമിതപ്പെടുത്തിയതായി കോമ്പറ്റീഷൻ കമീഷൻ കണ്ടെത്തുകയായിരുന്നു. വെബ് ലോകത്തെ ‘തിരയൽ മേൽക്കൊയ്മ’ നിലനിർത്താനായി ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകളിൽ തങ്ങളുടെ സെർച്ച് എഞ്ചിൻ ഗൂഗിൾ അടിച്ചേൽപ്പിക്കുന്നതായാണ് പരാതി.
ഗൂഗിൾ സെർച്ച് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിൽ മൊബൈൽ ഫോൺ നിർമാതാക്കൾക്ക് സാമ്പത്തികമായ ഓഫറുകൾ നൽകരുതെന്നും അത്തരം ന്യായമല്ലാത്ത വിപണന രീതികൾ പാടില്ലെന്നും കമീഷൻ, ഗൂഗിളിന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.