പത്തനംതിട്ട: കൊവിഡ് പ്രതിസന്ധിക്കിടയിലും മല കയറിയെത്തിയ ഭക്തസഹസ്രങ്ങൾക്ക് ആഹ്ളാദമേക്കി പൊന്നമ്പലമേട്ടിൽ മകരജ്യോതി പ്രഭ. പന്തളം കൊട്ടാരത്തിൽ നിന്നും എത്തിച്ച ആഭരണങ്ങൾ അണിയിച്ച് അയ്യപ്പനുള്ള ദീപാരാധന തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞത്. മകരവിളക്ക് കണ്ടു തൊഴാനായി സന്നിധാനത്ത് 75,000-ത്തോളം ഭക്തരാണ് കാത്തുനിന്നത്. കൊവിഡ് കാലത്തെ ഏറ്റവും വലിയ ഭക്തജന സാന്നിധ്യമാണ് ഇന്ന് ശബരിമലയിൽ ദൃശ്യമായത്. തിരുവാഭരണപേടകം സന്നിധാനത്ത് എത്തിയതിന് പിന്നാലെ ആഭരണങ്ങൾ അയ്യപ്പനെ അണിയിച്ച് 6.47-നാണ് നട തുറന്നത്. അയ്യപ്പനുള്ള ദീപാരാധന കഴിഞ്ഞതിന് പിന്നാലെ പൊന്നമ്പലമേട്ടിൽ മൂന്ന് തവണയായി മകരജ്യോതി തെളിയുകയായിരുന്നു.
പന്തളം കൊട്ടാരത്തിൽ നിന്നും പരമ്പരാഗത കാനനപാത താണ്ടിയെത്തിയ തിരുവാഭരണ പേടകത്തിന് വൈകിട്ട് 5.45-ഓടെ ശരംകുത്തിയിൽ പ്രത്യേക പീഠത്തിൽ വച്ച് ദേവസ്വം ജീവനക്കാരും പൊലീസും ചേർന്ന് വരവേൽപ്പ് നൽകി. തുടർന്ന് ആഘോഷമായി സന്നിധാനത്തേക്ക് പേടകങ്ങൾ എത്തിച്ചു.
6.20-ഓടെ സന്നിധാനത്തേക്ക് എത്തിയ തിരുവാഭരണ പേടകങ്ങൾ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ്റെ നേതൃത്വത്തിൽ കൊടിമരച്ചുവട്ടിൽ ദേവസ്വം അധികൃതർ സ്വീകരിച്ചു. ശേഷം തന്ത്രിയും മേൽശാന്തിയും തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തിൽ ചാർത്തി നിമിഷങ്ങൾക്കകം സർവ്വാഭരണഭൂഷിതനായ അയ്യപ്പന് ദീപാരാധന തുടങ്ങി. ശരണം വിളികളിൽ സന്നിധാനം മുങ്ങവേ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. നിമിഷങ്ങളുടെ ഇടവേളയിൽ മൂന്ന് തവണയായി മകരജ്യോതി പ്രഭ ചൊരിഞ്ഞു. ഈ സമയം ശരണംവിളികളിൽ സന്നിധാനം മുങ്ങി.
നിയന്ത്രണങ്ങൾ പാലിച്ച് 75,000 തീർത്ഥാടകരെയാണ് സന്നിധാനത്ത് ഇന്ന് പ്രവേശിപ്പിച്ചത്. സന്നിധാനത്തും പമ്പയിലുമായി വിവിധയിടങ്ങളിൽ മകരജ്യോതി കാണാൻ സൗകര്യമൊരുക്കിയിരുന്നു. പക്ഷേ പർണ്ണശാലകൾ കെട്ടാൻ ആരേയും പോലീസ് അനുവാദിച്ചില്ല. പുല്ലുമേട്ടിൽ ഇത്തവണയും ഭക്തർക്ക് വിലക്കിയരുന്നു. മകരവിളക്കിന് ശേഷം തിരികെ പോകുന്ന ഭക്തർക്കായി പൊലീസും കെഎസ്ആർടിസിയും പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എഡിജിപി എസ്.ശ്രീജിത്തിനാണ് സുരക്ഷയുടെ ഏകോപനം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.29 നാണ് ശബരിമലയിൽ ഈ വർഷത്തെ മകരസംക്രമ പൂജ നടന്നത്. ആചാരം അനുസരിച്ച് തിരുവിതാംകൂർ രാജകുടുംബമാണ് മകരസംക്രമപൂജയ്ക്കുള്ള നെയ്യ് എത്തിക്കേണ്ടത്. ഇതനുസരിച്ച് കവടിയാർ കൊട്ടാരത്തിൽ നിന്ന് എത്തിച്ച നെയ്യ് ഉപയോഗിച്ചുള്ള അഭിഷേകത്തിന് തന്ത്രി കണ്ഠരര് മഹേഷമോഹനര് നേതൃത്വം നൽകി.