പാട്ട് കേള്‍ക്കാനിഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. ഏതെങ്കിലും വിധത്തില്‍ സംഗീതത്തോട് മാനസികമായ അടുപ്പമോ ഇഷ്ടമോ ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിക്കാത്തവര്‍ കാണില്ല. അത്രമാത്രം മനുഷ്യരുമായി അടുത്തുനില്‍ക്കുന്നൊരു ആര്‍ട്ട് ആണ് സംഗീതം എന്ന് പറയാം. സംഗീതമാണെങ്കില്‍ ഒരു മരുന്ന് കൂടിയാണെന്നാണ് വയ്പ്. അതായത് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും അസുഖങ്ങള്‍ക്കുമുള്ള ചികിത്സയുടെ ഭാഗമായി മ്യൂസിക് തെറാപ്പി നടത്തുന്നതും അതിന്‍റെ സാധ്യതയെ കുറിച്ചുള്ള അന്വേഷണങ്ങളുമെല്ലാം ഇന്ന് സജീവമാണ്. ഇത്തരത്തില്‍ രാവിലെ ഉറക്കമെഴുന്നേറ്റ ശേഷം ഓഫീസിലേക്കോ കോളേജിലേക്കോ സ്കൂളിലേക്കോ ജോലിസ്ഥലങ്ങളിലേക്കോ പോകുന്നതിന് മുമ്പോ, വീട്ടുജോലി ചെയ്യുമ്പോഴോ എല്ലാം സംഗീതം കേള്‍ക്കുന്നതിന്‍റെ ചില പ്രയോജനങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്…
നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ ഇത് വളരെയധികം സഹായിക്കും. പലര്‍ക്കും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മോശം ‘മൂഡ്’ ഉണ്ടാകാറുണ്ട്. ഇതെല്ലാം മാറ്റിയെടുക്കാനും പ്രസരിപ്പോടെ ദിവസത്തെ എതിരിടാനുമെല്ലാം സംഗീതം സഹായിക്കുന്നു. പോസിറ്റീവായ പാട്ടുകള്‍, അത്ര പതിഞ്ഞ രീതിയില്‍ അല്ലാത്ത സംഗീതം എല്ലാം ഡോപമിൻ എന്ന ഹോര്‍മോണ്‍ കൂട്ടുന്നതിന് കാരണമാകുന്നു. ഈ ഹോര്‍മോണ്‍ ആണ് നമ്മളില്‍ സന്തോഷം നിറയ്ക്കുന്നത്.
ചിലര്‍ക്ക് ‘മോട്ടിവേഷണല്‍’ ആയ സംഗീതം കേള്‍ക്കുന്നത് ജീവിതത്തില്‍ കൂടുതല്‍ പ്രചോദനം പകര്‍ന്നുകിട്ടുന്നത് പോലെ ആകാറുണ്ട്. ഇതും നല്ലൊരു പ്രാക്ടീസ് തന്നെ.
രണ്ട്…
ആംഗ്സൈറ്റി അഥവാ ഉത്കണ്ഠ, സ്ട്രെസ് എന്നിവെയല്ലാം കുറയ്ക്കുന്നതിനും സംഗീതം വളരെ നല്ലതാണ്. അതുപോലെ തന്നെ വേദനകളില്‍ നിന്ന് ആശ്വാസം കിട്ടുന്നതിനും. സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ കുറയ്ക്കുന്നതിനും സന്തോഷം നല്‍കുന്ന ഹോര്‍മോണായ ഡോപമിൻ കൂട്ടുന്നതിനും സംഗീതം കാരണമാകാം. ഇതാണ് ആംഗ്സൈറ്റിയും സ്ട്രെസും അകലാൻ കാരണമാകുന്നത്.
മൂന്ന്…
സംഗീതം ആസ്വദിക്കുന്നത് തലച്ചോറിനും നല്ലതാണ്. ശ്രദ്ധക്കുറവുള്ളവര്‍ക്ക് പ്രത്യേകിച്ചും. സംഗീതം ആസ്വദിക്കുന്നതിലൂടെ തലച്ചോറിലുണ്ടാകുന്ന കെമിക്കല്‍ മാറ്റങ്ങളുടെ ഭാഗമായി നമ്മുടെ ശ്രദ്ധ കൂടുന്നു. ഡ്രൈവിംഗിനിടെയോ മറ്റ് ജോലികള്‍ക്കിടയിലോ സംഗീതം ആസ്വദിക്കുന്ന കാര്യമല്ല കെട്ടോ. സംഗീതം ആസ്വദിക്കാനായി തന്നെ സമയം കണ്ടെത്താൻ സാധിച്ചാല്‍.
നാല്…
ശ്രദ്ധ കൂട്ടുമെന്ന് പറഞ്ഞതുപോലെ തന്നെ ഓര്‍മ്മശക്തി കൂട്ടുന്നതിനും പതിവായി സംഗീതം ആസ്വദിക്കുന്നത് സഹായിക്കുന്നു. പ്രത്യേകിച്ച് രാവിലെകളില്‍ ദിവസം തുടങ്ങുമ്പോള്‍ തന്നെ സംഗീതമാസ്വദിക്കുന്നത്.
അഞ്ച്…
ഉറക്കം കുറെക്കൂടി സുഖകരമാക്കാൻ സംഗീതത്തെ ആശ്രയിക്കാവുന്നതാണ്. ഇതിന് അവരവരുടെ അഭിരുചിക്ക് അനുസരിച്ചുള്ള സംഗീതം തെരഞ്ഞെടുക്കാവുന്നതാണ്. മനസ് കൂടുതലായി ‘റിലാക്സ്’ ചെയ്യുന്നതിന്‍റെ ഭാഗമായാണ് ഉറക്കവും സുഖകരമാകുന്നത്.
ആറ്…
ഹൃദയാരോഗ്യത്തിനും സംഗീതമാസ്വദിക്കുന്നത് വളരെ നല്ലതാണ്. സംഗീതം ബിപി (രക്തസമ്മര്‍ദ്ദം) നിയന്ത്രിക്കുന്നതിന് ഏറെ സഹായിക്കുന്നു. ഇതിലൂടെയാണ് ഹൃദയാരോഗ്യവും മെച്ചപ്പെടുന്നത്.
ഏഴ്…
സംഗീതമാസ്വദിച്ചുകൊണ്ട് വര്‍ക്കൗട്ട് ചെയ്യുന്നവരും ഏറെയുണ്ട്. ഇത്തരത്തില്‍ സംഗീതം സമന്വയിപ്പിച്ചുകൊണ്ട് വര്‍ക്കൗട്ട് ചെയ്യുന്നത് ശരീരത്തിനും മനസിനും ഒരുപോലെ നല്ലതാണ്. വര്‍ക്കൗട്ടിലെ പ്രയാസങ്ങളകറ്റാനും വര്‍ക്കൗട്ടിന് ശേഷം നല്ലൊരു മൂഡ് നിലനിര്‍ത്താനുമെല്ലാം ഇത് സഹായിക്കും.