പാലക്കാട്: പാലക്കാട് ചെർപ്പുളശ്ശേരിയിൽ വീട്ടിൽ നിധിയുണ്ടെന്ന് വിശ്വസിപ്പിച്ചു വീട്ടമ്മയിൽ നിന്ന് 8 പവൻ സ്വർണ്ണാഭരണം തട്ടിയെടുത്ത വ്യാജ സിദ്ധൻ അറസ്റ്റിൽ. 45കാരൻ തിരുമിറ്റക്കോട്ട് നെല്ലിക്കാട്ടിരി തെക്കുംകര വളപ്പിൽ റഫീഖ് മൗലവിയാണ് പിടിയിലായത്. നെല്ലായ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിൽ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. സമൂഹമാധ്യമത്തിൽ ചാരിറ്റി സംബന്ധമായി വന്ന പോസ്റ്റിന് താഴെ സഹായം അഭ്യർത്ഥിച്ച് ഫോൺ നമ്പർ സഹിതം കമന്‍റിട്ട വീട്ടമ്മയാണ് തട്ടിപ്പിനിരയായത്.
വീട്ടമ്മയെ ഫോണില്‍ ബന്ധപ്പെട്ട റഫീഖ് മൗലവി വിവരങ്ങൾ അന്വേഷിക്കുകയും താൻ സിദ്ധനാണെന്നും പ്രശ്നങ്ങളെല്ലാം പരിഹരിച്ചു തരാമെന്നും പറഞ്ഞ് വീട്ടമ്മയുടെ വിശ്വാസം നേടിയെടുക്കുകയായിരുന്നു. അബ്ദുൾ റഷീദ് തങ്ങൾ എന്ന വ്യാജ പേരിലായിരുന്നു തട്ടിപ്പ്. ആദ്യം പ്രാർത്ഥനയും, മന്ത്രങ്ങളുമെല്ലാം നിർദേശിച്ചാണ് താൻ സിദ്ധനാണെന്ന വിശ്വാസം ഇയാള്‍ സൃഷ്ടിച്ചെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇത്. തുടർന്ന് ഫോണിലൂടെ വീട്ടമ്മയുമായി ബന്ധപ്പെട്ട ഇയാൾ, ഇവരുടെ വീട്ടിനകത്ത് നിധിയുണ്ടെന്നും അത് കിട്ടുന്നതോടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നും വിശ്വസിപ്പിച്ചു. ചില മന്ത്രങ്ങളും ക്രിയകളും ചെയ്താൽ ഇത് പ്രത്യക്ഷപ്പെടുമെന്നായിരുന്നു ഉറപ്പ്.
ഇതിനായി വീട്ടിലുള്ള സ്വർണാഭരണങ്ങൾ 7 ദിവസത്തേക്ക് ഇവിടെ നിന്നും മാറ്റണമെന്നും താൻ വിടുന്ന ആളുടെ കയ്യിൽ ഇവ കൊടുത്തു വിടണമെന്നും നിർദേശിച്ചു. ഇതുപ്രകാരം മാർച്ച് ഒന്നിന് റഫീക്ക് മൗലവി പറഞ്ഞതു പ്രകാരം നെല്ലായയിൽ കാത്തുനിന്നയാൾക്കു വീട്ടമ്മ തന്‍റെ 8 പവൻ ആഭരണങ്ങൾ കൈമാറി.
വീട്ടമ്മയിൽ നിന്നു സ്വർണം കൈക്കലാക്കാൻ വന്നതും റഫീഖ് മൗലവി തന്നെയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തൽ. വീട്ടമ്മ ഇയാളെ മുൻപു നേരിൽ കാണാത്തതിനാൽ തിരിച്ചറിഞ്ഞില്ല.
തുടർന്നും രണ്ടാഴ്ചയോളം ഫോണിൽ ഇരുവരും ബന്ധപ്പെട്ടിരുന്നെങ്കിലും നിധി ലഭിക്കാതെ വന്നതോടെ വീട്ടമ്മ സ്വർണ്ണം തിരികെ ആവശ്യപ്പെട്ടു. എന്നാൽ, മാർച്ച് 21ന് റഫീഖ് മൗലവിയുടെ ഫോൺ സ്വിച്ച്ഓഫ് ആയി. തുടർന്നാണ് ഇവർ ചെർപ്പുളശ്ശേരി പൊലീസിൽ പരാതി നൽകിയത്. പൊലീസ് ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തൃശൂർ വടക്കാഞ്ചേരി അമ്പലപുരത്തെ വാടക വീട്ടിൽ നിന്നാണ് റഫീഖ് മൗലവിയെ കസ്റ്റഡിയിലെടുത്തത്.
വീട്ടിൽ നടത്തിയ പരിശോധനയിൽ മുക്കുപണ്ടങ്ങളുടെ വൻ ശേഖരവും ബില്ലുകളും കണ്ടെത്തി. കൂടുതൽ പേർ ഇത്തരത്തിൽ ഇയാളുടെ വലയിൽ കുരുങ്ങി തട്ടിപ്പിനിരയായതായി പൊലീസ് സംശയിക്കുന്നുണ്ട്. ചെർപ്പുളശ്ശേരി പൊലീസ് ഇൻസ്പെക്ടർ എം.മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.