കോഴിക്കോട്: ഓളപ്പരപ്പിൽ തുഴയെറിഞ്ഞുള്ള സാഹസിക ടൂറിസത്തിന്റെ മനോഹാരിതക്ക് സാക്ഷ്യം വഹിക്കാൻ സഞ്ചാരികളെ വീണ്ടും മാടിവിളിക്കുകയാണ് തുഷാരഗിരി.
കോവിഡിനെ തുടർന്ന് രണ്ടുവർഷമായി നിശ്‌ചലമായ അന്തർദേശീയ കയാക്കിങ് മത്സരമായ മലബാർ റിവർ ഫെസ്‌റ്റിവല്ലിന് ആഗസ്‌ത് 12ന് തുഷാരഗിരിയിൽ തുടക്കമാവും.
മൂന്നുനാൾ നീളുന്ന മത്സരത്തിൽ 20 വിദേശരാജ്യങ്ങളിൽനിന്നുള്ള 100ൽപരം അന്തർദേശീയ കയാക്കർമാരും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഇരുനൂറോളം കയാക്കർമാരും സംസ്ഥാനത്തിൽ നിന്നുള്ളവരും മാറ്റുരയ്‌ക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി കയാക്ക് സ്‌ലാലോം, ബോട്ടർ ക്രോസ്, ഡൗൺ റിവർ എന്നീ വിഭാഗങ്ങളിലാണ് മത്സരം. ഏഴുതവണയായി തുഷാരഗിരി ആതിഥ്യമരുളിയ ഫെസ്‌റ്റിവൽ 2019ലാണ് അവസാനമായി സംഘടിപ്പിച്ചത്. സംസ്ഥാന ടൂറിസം വകുപ്പും സംസ്ഥാന അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും ഇന്ത്യൻ കനോയിങ് ആൻഡ് കയാക്കിങ് അസോസിയേഷനും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ജില്ലാ പഞ്ചായത്തും തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളും സംയുക്തമായാണ് രാജ്യാന്തര കയാക്കിങ് മേള സംഘടിപ്പിക്കുന്നത്.
ഇന്ത്യൻ കയാക്കിങ് കനോയിങ് അസോസിയേഷനാണ് ഫെസ്‌റ്റിവല്ലിന്റെ സാങ്കേതിക നിർവഹണം. സുരക്ഷാക്രമീകരണങ്ങളൊരുക്കുന്നത് നേപ്പാളിൽ നിന്നുള്ള ഇനീഷ്യേറ്റീവ് ഔട്ട്‌ഡോർ ടീമാണ്. കശ്‌മീരിൽനിന്നുള്ള എൽജ് ടൈമിങ്ങിനാണ് സമയനിയന്ത്രണത്തിന്റെ ചുമതല.